ശ്രീകണ്ഠാപുരം(കണ്ണൂര്‍): ചേപ്പറമ്പ് തലോറയിലെ ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ രണ്ട് കര്‍ണാടക സ്വദേശികള്‍ ഇടിമിന്നലേറ്റ് മരിച്ചു. സംഭവത്തില്‍ രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കര്‍ണ്ണാടകത്തിലെ ഹാവേരി ജില്ലയിലെ മാതാപൂര്‍ സ്വദേശികളായ മഞ്ചുനാഥ് (38), മഞ്ചുനാഥിന്റെ മരുമകന് മഞ്ചു(27) എന്നിവരാണ് മരിച്ചത്. താമേഷ് (25) , മുത്തപ്പ )28) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടുകൂടിയായിരുന്നു സംഭവം. തലോറയിലെ കണ്ണൂര്‍ ക്രഷറിനു സമീപമുള്ള ചെങ്കല്‍ ക്വാറിയില്‍ കല്ലുവെട്ട് യന്ത്രം നന്നാക്കുന്നതിനിടെയാണ് മിന്നലേറ്റത്. രണ്ടുപേരും തല്‍ക്ഷണം തന്നെ മരിച്ചു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കല്ലുവെട്ട് യന്ത്രം മിന്നലേറ്റ് കരിഞ്ഞുപോയി. മടമ്പം സ്വദേശി ജോയിയുടെ ഉടമസ്ഥതയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് മഞ്ചുനാഥും മരുമകന് മഞ്ചുവും ക്വാറിയില്‍ ജോലിക്കെത്തിയത്. മഞ്ചുനാഥിന്റെ ഭാര്യയ്ക്ക് അപകടത്തില്‍ പരിക്കില്ല. ഇവര്‍ ക്വാറിയുടെ അരികിലുള്ള താമസസ്ഥലത്താണുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: