സ്വന്തം ലേഖകന്‍
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കാരായി രാജനും, കാരായി ചന്ദ്രശേഖരനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍തിത്വം നല്‍കിയതില്‍ സിപിഎമ്മിനകത്തും പുറത്തും വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കാരയിമാരെ വെള്ളപൂശാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന് തന്നെ രംഗത്ത്. കൊലക്കേസിലെ പ്രതികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതിനെ വിമര്‍ശിച്ച് നാനാഭാഗത്തു നിന്നും വിമര്‍ശനമുയര്‍ന്നിട്ടും മറ്റ് നേതാക്കളാരും തന്നെ പരസ്യമായി രംഗത്ത് വരാത്ത സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം. പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കാരായി രാജനും, ചന്ദ്രശേഖരനും നിരപരാധികളാണെന്നും പാട്യം ഗോപാലനു തുല്യരാണെന്നും ജയരാജന് എഴുതിയത്. ഭരണകൂടത്തിന്റെ കുടിലതക്കും അന്യായത്തിനും അനീതിക്കുമെതിരെയാണ് കാരായിമാര്‍ മത്സരിക്കുന്നതെന്നും ജയരാജന് പറയുന്നു. എന്നാല്‍ ജില്ലയില്‍ വ്യാപകമായ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം നേതൃത്വം ആസൂത്രിതമായി നടപ്പിലാക്കിയതാണ് ഫസലിന്റെ കൊലപാതകമെന്നത് പകല്‍ പോലെ വ്യക്തമായ സാഹചര്യത്തില്‍ ഇത് ബോധപൂര്‍വ്വം മറച്ച് പിടിക്കാനുള്ള വൃഥാ വ്യായാമം മാത്രമാണ് ജയരാജന്റേത്.
കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് 2006 ല്‍ വിശുദ്ധ റംസാന് സമയത്ത് കേരളത്തിന്റെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരില്‍ ഭയപ്പാടും അങ്കലാപ്പുമുണ്ടാക്കിയ മാടപപീടികയിലെ ഫസലിന്റെ കൊലപാതകം നടന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം കൊലനടത്തിയത് ആര്‍എസ്എസുകാരാണെന്ന കോടിയേരിയുടെ പരസ്യപ്രസ്ഥാവന പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഫസല്‍ വധത്തില്‍ അന്വേഷണം നേരായ വഴിക്കല്ല നീങ്ങുന്നതെന്ന് ആരോപിച്ചാണ് കുടുംബാംഗങ്ങള്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സിപിഎം പിന്തുണയോടെ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്താണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
ജില്ലയില്‍ വ്യാപകമായി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഫസലിന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതെന്ന് കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ സിബിഐ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്. അന്വേഷണം വഴിതിരിച്ച് വിടാനും ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമവും നടന്നിരുന്നു. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനെ പ്രതിയാക്കുന്നതിന് വേണ്ടി ഒരു തൂവാല ബോധപൂര്‍വ്വം വീട്ട് മുറ്റത്ത് കൊണ്ടുപോയിടുകയും ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു. ഫസല്‍ വധത്തിന് ശേഷം ജില്ലയില്‍ വ്യാപകമായ വര്‍ഗീയ സംഘര്‍ഷമുണ്ടാകുമെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ നിഗമനം. സമാധാനത്തിന്റെ അപ്പോസ്തലന്മാര് ചമഞ്ഞ് തങ്ങള്‍ക്ക് ഇടപെടാമെന്നും ന്യൂനപക്ഷ സംരക്ഷണം പറഞ്ഞ് അവരുടെ വോട്ട് മൊത്തത്തില്‍ വാരിക്കൂട്ടാമെന്നും സിപിഎം നേതൃത്വം കണക്ക് കൂട്ടി. എന്നാല്‍ അന്വേഷണം കൃത്യമായ ദിശയിലേക്ക് നീങ്ങി യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റിലായതോടെയാണ് സിപിഎമ്മിന്റെ ആസൂത്രണം പാടെ പാളിയത്. നിരവധി കൊലക്കേസുകളില്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ജില്ലയിലെ ഒരു ക്രിമിനല്‍ നേതാവാണ് ഫസല്‍ വധത്തിന് മൗനാനുവാദം നല്‍കിയതെന്നാണ് സൂചന.
ഫസല്‍ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനായിരുന്നു ഇതുവരെ സിപിഎം ശ്രമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫസലിന്റെ ഭാര്യയായിരുന്ന മറിയുവിനെയും സിപിഎം വിമര്‍ശിച്ചു തുടങ്ങിയത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. എന്‍ഡിഎഫ്് മറിയുവിനെ കരുവാക്കിയെന്നാണ് ജയരാജന് പറയുന്നത്. മറിയുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തതും യഥാര്‍ത്ഥ പ്രതികള്‍ അഴിക്കുള്ളിലായതും. ഇതാണ് സിപിഎമ്മിനൈ പ്രകോപിപ്പിക്കുന്നത്. വടകരയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് നൗഷാദിന്റെ ഭാര്യയാണിപ്പോള്‍ മറിയു എന്നും ജയരാജന് ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ അടുത്ത ലക്ഷ്യം മറിയുവാണെന്ന പരോക്ഷമായ ഭീഷണികൂടിയാണ് ജയരാജന്റെ പ്രതികരണം. ഇരിട്ടി കാര്‍ക്കോട് അമ്മു അമ്മ എന്ന വൃദ്ധമാതാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ പാര്‍ട്ടിയാണ് പി.ജയരാജന്റെ സിപിഎം എന്നുകൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
കാരയിമാരെ സംരക്ഷിക്കാന്‍ പി.ജയരാജന് മാത്രം എന്തിനാണ് ഇത്രമാത്രം വ്യഗ്രത കാട്ടുന്നുവെന്നതും സംശയാസ്പദമാണ്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ ഏറെ കെടുതി അഭിമുഖീകരിക്കേണ്ടി വന്ന കണ്ണൂരില്‍ പാര്‍ട്ടിയെ നയിക്കുന്ന ജയരാജന് തന്നെ ഒന്നിലധികം കൊലക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ്. 1994 ല്‍ കൂത്തുപറമ്പില്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹ് പി.പി.മോഹനനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു ജയരാജന്. ‘അവനെ വെട്ടിക്കൊല്ലടാ’ എന്ന ജയരാജന്റെ അലര്‍ച്ച കൂത്തുപറമ്പ് നിവാസികളുടെ കാതില്‍ ഇപ്പോഴും ഇരമ്പുന്നുണ്ട്. എംഎസ്എഫ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം പ്രബുദ്ധ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. കേവലം സംശയത്തിന്റെ പേരിലാണ് ഷുക്കൂറിനെ പരസ്യ വിചാരണ ചെയ്ത് സിപിഎം സംഘം കൊലപ്പെടുത്തിയത്. മണിക്കൂറുകളോളം പരസ്യ വിചാരണ ചെയ്യുന്നതിനിടെ തന്നെ രക്ഷപ്പെടുത്തണമെന്ന് നിരവധി തവണ ഷുക്കൂര്‍ പലരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത സിപിഎം ക്രിമിനല്‍ സംഘം ഷുക്കൂറിനെ പരസ്യമായി വെട്ടി കൊല്ലുകയായിരുന്നു. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി.ജയരാജനെ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പി.ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് ജില്ലയില്‍ നടന്ന അക്രമ പരമ്പരകള്‍ പരിശോധിച്ചാല്‍ തന്നെ ജയരാജന്റെ പിണിയാളുകളെ കുറിച്ച് തിരിച്ചറിയാം. ജില്ലയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ സമരസതയെത്തന്നെ അട്ടിമറിക്കാന്‍ സിപിഎം ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഫസല്‍ വധം എത്രമേല്‍ മൂടിവെക്കാന്‍ ശ്രമിച്ചാലും പ്രബുദ്ധ കേരളം മാപ്പ് നല്‍കില്ലെന്ന് സിപിഎം തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: