തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ആനക്കീല്‍ ചന്ദ്രനെ മാറ്റി സിഐടിയു ഏരിയാ സെകട്ടറി കരുണാകരനെ മത്സരിപ്പിക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തെത്തി. കൊലക്കേസില്‍ പ്രതികളാക്കപ്പെട്ടവരെ മത്സരിപ്പിക്കേണ്ടെന്ന ജയരാജന്റെ പുതിയ തീരുമാനമാണ് ആനക്കീല്‍ ചന്ദ്രനെ മാറ്റാന്‍ കാരണമായി പറയപ്പെടുന്നത്. ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും സീറ്റ് നല്കിയ ജില്ലാ നേതൃത്വം ആനക്കീല്‍ ചന്ദ്രന്റെ കാര്യത്തില്‍ മാത്രം വ്യത്യസ്തമായ നിലപാടെടുത്തതിനെ അംഗീകരിക്കാവില്ലെന്ന തീരുമാനത്തിലാണ് സിപിഎം പ്രാദേശിക നേതൃത്വം. ജയരാജന്റെ തീരുമാനത്തിനെതിരെ തളിപ്പറമ്പ് ഏരിയാ കമ്മറ്റിയിലും പട്ടുവം, അരിയില്‍ ലോക്കല്‍ കമ്മറ്റിയിലും അതിശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം പ്രാദേശിക നേതാക്കള്‍ പരസ്യപ്രകടനത്തിന് മുതിര്‍ന്നിരുന്നുവെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ആനക്കീല്‍ ചന്ദ്രന് നേരത്തെ തന്നെ സിപിഎം നിര്‍ദ്ദേശ പ്രകാരം പത്രിക നല്‍കുകയും ബോര്‍ഡ് വെക്കുകയും വോട്ടര്‍മാരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് സ്ഥാനാര്‍ത്ഥിയെ മാറ്റാനുള്ള തീരുമാനമുണ്ടായത്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും പാര്‍ട്ടി പത്രത്തില്‍ പേര് വരികയും ചെയ്തതിനു ശേഷം ചന്ദ്രനെ മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പട്ടുവം, അരിയില്‍ ലോക്കല്‍ കമ്മറ്റികള്‍. പട്ടുവത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 12-ാം പ്രതിയാണ് ചന്ദ്രന്. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നേരത്തെ പി.ജയരാജന് തീരുമാനിച്ചിരുന്നു. ഈ തീരുമാനം ക്ഷീണം ചെയ്യുമെന്ന നിഗമനത്തില്‍ ഒരു കൊലക്കേസ് പ്രതിയെയും മത്സരിപ്പിക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കാരായിമാര്‍ക്കും മറ്റ് കൊലക്കേസ് പ്രതികള്‍ക്കും സിപിഎമ്മില്‍ ഇരട്ട നീതിയാണെന്ന വാദമാണ് പ്രാദേശിക സിപിഎം നേതൃത്വം നിരത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുള്ള വിഷയം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: