കണ്ണൂര്‍: ഇടനിലക്കാരുടെ ചൂഷണത്തെതുടര്‍ന്ന് കവുങ്ങ് കര്‍ഷകര്‍ പ്രതിസന്ധിയില്‍. പച്ച അടക്ക(പൈങ്ങ) പറിക്കാന്‍ ആളെ കിട്ടാനില്ലാത്തതും മരം കയറ്റുതൊഴിലാളികള് അമിതകൂലി ചോദിക്കുന്നതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഈ അവസരം മുതലെടുത്ത് ഇടനിലക്കാര്‍ കര്‍ഷകരില്‍ നിന്നും മൊത്തവിലക്ക് പച്ച അടക്ക എടുക്കുകയാണ് പതിവ്.
തൊഴിലാളിക്ഷാമവും അമിത കൂലിയും കാരണം നഷ്ടമാണെങ്കില്കൂടി ഇടനിലക്കാര്‍ക്ക് കൊടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പൈങ്ങക്ക് ഇത്തവണ വിലയും കുറവാണ്. പൊളിച്ച പൈങ്ങ കിലോയ്ക്ക് 82 രൂപ വരെയാണ് ഈ വര്‍ഷത്തെ മാര്‍ക്കറ്റ് വില. കഴിഞ്ഞ വര്‍ഷം 110 രൂപവരെ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പറിക്കകൂലി മരമൊന്നിന് എട്ടു രൂപാ ആയിരുന്നത് ഇത്തവണ 10 മുതല്‍ 15 രൂപ വരെയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
ചിലര്‍ കിലോയ്ക്ക് 10 രൂപ എന്ന തോതിലാണ് പറിക്കകൂലി ആവശ്യപ്പെടുന്നത്. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ നഷ്ടം വരുത്തും. ഒരു കവുങ്ങില്‍ നിന്നുതന്നെ നാലും അഞ്ചും കിലോ പൈങ്ങ ലഭിക്കും. ഈ സാഹചര്യത്തില്‍ ഒരു മരത്തിനുതന്നെ കയറ്റുകൂലി ഇനത്തില്‍ 40ഉം 50ഉം രൂപ കര്‍ഷകര്‍ നല്‍കേണ്ടതായിവരുന്നു. ഈ തുക നല്‍കാമെന്ന് സമ്മതിച്ചാല്‍തന്നെ തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയും നിലവിലുണ്ട്.
കൃത്യസമയത്ത് വിളവെടുപ്പ് നടത്തിയില്ലെങ്കില്‍ വരുംകൊല്ലത്തെ വിളവിനെയും ഇത് പ്രതികൂലമായി ബാധിക്കും. അതിനാല്‍ പല കര്‍ഷകരും ഇടനിലക്കാര്‍ക്ക് മൊത്തക്കച്ചവടത്തിന് നല്കാന് നിര്‍ബന്ധിതരാകുകയാണ്. നിലവിലെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ഇൗ വിലവര്‍ദ്ധന ഗുണകരമാകുക കര്‍ഷകര്‍ക്കല്ല, ഇടനിലക്കാര്‍ക്കായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ വലവര്ദ്ധന ഗുണം ചെയ്തതും ഇടനിലക്കാര്‍ക്കാണ്.
കഴിഞ്ഞ വര്‍ഷം പൈങ്ങാ സീസന്റെ തുടക്കത്തില്‍ 60 രൂപയില്‍ താഴെയായിരുന്നു വില. ഈ വിലക്ക് തന്നെ കര്‍ഷകരില്‍ നിന്നും ഇടനിലക്കാര്‍ തോട്ടങ്ങളിലെ വിളകള്‍ എടുത്തിരുന്നു. തുടര്‍ന്ന് വില വര്‍ദ്ധിച്ച് 110 രുപ വരെ എത്തിയത് ഇടനിലക്കാര്‍ക്ക് വന്‍ ലാഭമായി. കഴിഞ്ഞ വര്‍ഷത്തെ നില പ്രതീക്ഷിച്ച് ഇത്തവണ കൂടുതല്‍ പേര് ഈ രംഗത്ത് ഇടനിലക്കാരന്റെ വേഷത്തില്‍ എത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ കവുങ്ങിന് പിടിപെട്ടിരിക്കുന്ന മഞ്ഞളിപ്പ്രോഗവും കര്‍ഷകരെ വലക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ മഞ്ഞളിപ്പ് രോഗം ബാധിച്ച് നിരവധി മരങ്ങള്‍ നശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: