കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന നാലു വിദ്യാര്‍ഥിനികള്‍ക്ക് എസ്എഫ്‌ഐയുടെ വധഭീഷണി. സ്വതന്ത്ര സ്ഥാനാര്‍ഥികളും എംസിജെ വിദ്യാര്‍ഥിനികളുമായ പി.ജസ്‌ല, പി.കെ.ഫനുഷ, ടി.പി.സുമയ്യബീവി, നാജിയ ഗഫൂര്‍ എന്നിവരെ വധിക്കുമെന്നാണ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്. തങ്ങളെ മാനസികമായും എസ്എഫ്‌ഐ നേതാക്കള്‍ പീഡിപ്പിക്കുന്നതായി ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ വര്‍ഷവും ഇലക്ഷനില്‍ എസ്എഫ്‌ഐ വിജയികളെ പ്രഖ്യാപിക്കാറാണ് പതിവ്. ഇതിന് വിരുദ്ധമായി മത്സരിക്കാന്‍ തീരുമാനിച്ചതാണ് എസ്എഫ്‌ഐക്കാരെ പ്രകോപിപ്പിച്ചത്. ചെയര്‍പേഴ്‌സണ്‍, മാഗസിന്‍ എഡിറ്റര്‍, ഫൈന്‍ആര്‍ട്‌സ്, യുയുസി എന്നീ സ്ഥാനങ്ങളിലേക്ക് ഇവര്‍ കഴിഞ്ഞദിവസം പോലീസ് സംരക്ഷണയിലാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.
അജിന്‍, വിജിന്‍ലാല്‍, സ്വരൂപ്, ജിതിന്‍, പ്രശോഭ്, അനില്‍, മുന്‍ചെയര്‍മാന്‍ സുരേഷ്, കമ്മിറ്റി ഭാരവാഹികള്‍,പുറത്തു നിന്നെത്തിയ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അസഭ്യവര്‍ഷം നടത്തുകയും കയ്യേറ്റം ചെയ്യുകയും തലാവ് പിടിച്ചുവലിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തതായി ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് കണ്ണൂരാണെന്നും പാര്‍ട്ടി ഗ്രാമമാണെന്നും ചന്ദ്രശേഖരന്റെ ഗതി നിങ്ങള്‍ക്കും സംഭവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.
ജൂനിയര്‍ വിദ്യാര്‍ത്ഥിനികളെ റാഗ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐക്കാര്‍ കള്ളക്കേസ് കൊടുത്തു, തങ്ങള്‍ മറ്റുള്ളവരെ ജാതിവിളിച്ചാക്ഷേപിച്ചു, ജീന്‍സിട്ട് വന്ന വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി തുടങ്ങി പല ഇല്ലാത്ത പരാതികളും എസ്എഫ്‌ഐക്കാര്‍ പ്രചരിപ്പിക്കുകയാണ്. കേസില്‍ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി പത്രിക തളളിക്കാന്‍ നീക്കം നടക്കുന്നതായും ഇവര്‍ ആരോപിച്ചു. തങ്ങളെ വാടക വീട്ടില്‍ നിന്നും ഇറക്കിവിടുമെന്നും എസ്എഫ്‌ഐ സംഘം ഭീഷണിപ്പെടുത്തുന്നുണ്ട്. നോമിനേഷന്‍ പിന്‍വലിച്ചാല്‍ നാലു പേരുടേയും ഈ വര്‍ഷത്തെ മുഴുവന്‍ പഠന ചെലവും വഹിക്കാമെന്ന വാഗ്ദാനവും എസ്എഫ്‌ഐ നേതാക്കള്‍ നല്‍കിയത്രേ. ഇടതുപക്ഷ ഫാസിസം കാരണം ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റ് തലവനായ താല്‍ക്കാലികാധ്യാപകന്‍ രാജിക്കത്ത് നല്‍കിയിരിക്കുകയാണെന്നും വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: