പാനൂര്‍: കൊലക്കേസ് പ്രതികളെ മത്സരിപ്പിച്ചതിനെച്ചൊല്ലിയും മത്സരിപ്പിക്കാത്തതിനെചൊല്ലിയും സിപിഎമ്മില്‍ കലഹം. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സിപിഎം യോഗം കഴിഞ്ഞദിവസം ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. തലശേരിക്കാര്ക്കെന്താ കൊമ്പുണ്ടോ? പാട്യം പഞ്ചായത്തില്‍ നിന്നും മത്സരിക്കുന്നതില്‍ കതിരൂര്‍ മനോജ് വധത്തിലെ പ്രതികളെ അവസാന നിമിഷത്തില്‍ മാറ്റിയ ജില്ലാ നേതാവിനോട് പാട്യം ലോക്കല്‍ സെക്രട്ടറിയുടെ ചോദ്യമായിരുന്നു ഇത്. തലശേരി ഏരിയ കമ്മറ്റി തീരുമാനം അംഗീകരിച്ച് ഫസല്‍ കേസിലെ പ്രതികളായ കാരായി രാജനെയും ചന്ദ്രശേഖരനെയും മത്സരരംഗത്തിറക്കിയതാണ് പാര്‍ട്ടിയില്‍ പടയൊരുക്കത്തിന് കാരണമായത്. പ്രതികളായ ചപ്ര പ്രകാശനെയും രാമചന്ദ്രനെയും മത്സരിപ്പിക്കാനായി ജില്ലാകമ്മറ്റി തീരുമാനിച്ചിരുന്നു. അഡ്വ:കെ.വിശ്വന് തലശേരി സെഷന്‍സ് കോടതിയില്‍ പ്രതികളെ തിരഞ്ഞെടുപ്പിന് മത്സരിപ്പിക്കാന്‍ ജില്ലയില്‍ പ്രവേശിപ്പിക്കാനായി അനുമതി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന നേതാക്കള്‍ ഇടപ്പെട്ട് കൊലക്കേസ് പ്രതികളെ മത്സരിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുകയായിരുന്നു. ജില്ലാകമ്മറ്റിയിലെ ഒരുവിഭാഗവും എതിര്‍ത്തതും പ്രാദേശികമായ പരാതിയും പരിഗണിച്ച് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയായിരുന്നു. പ്രതികളാക്കപ്പെട്ടവരെ കുറ്റവാളിയായി കാണാനാവില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞതിനു ശേഷം പിന്നെന്തിന്റെ പേരില്ലാണ് ചപ്ര പ്രകാശനെയും രാമചന്ദ്രനെയും തഴഞ്ഞതെന്ന് ഒരുവിഭാഗം ചോദിക്കുന്നു. കതിരൂരില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നെങ്കിലും തര്‍ക്കത്തെത്തുടര്‍ന്ന് പിരിയുകയായിരുന്നു. 16, 17 വാര്‍ഡുകളില്‍ നിന്നും കിഴക്കെകതിരൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി എ.സുരേഷും പാട്യം ലോക്കല്‍ കമ്മറ്റി മെമ്പര്‍ മനോഹരനും ഇന്നലെ നാമനിര്‍ദ്ദേശ പത്രിക നല്‍കുകയും ചെയ്തു. ഈ വാര്‍ഡിലായിരുന്നു നേരത്തെ പ്രതികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. കൂത്തുപറമ്പ് ഏരിയാ കമ്മറ്റി അംഗം വി.രാജന്, പാട്യം ലോക്കല്‍ സെക്രട്ടറി എം.അശോകന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിശദീകരണം നല്‍കിയെങ്കിലും ഒരു വിഭാഗം തൃപ്തരല്ല. ഇതോടെ പ്രതികളുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. ഇരട്ടനീതി നടപ്പാക്കുന്ന പാര്‍ട്ടി കോടതിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കാരായി രാജന് മത്സരിക്കുന്ന പാട്യം ഡിവിഷനില്‍ സിപിഎം ഗ്രൂപ്പ് പോര് ബാധിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. കതിരൂര്‍ മനോജ് വധത്തില്‍ മേഖലയില്‍ നിലവില്‍ ജനവികാരമുണ്ട്. ഇത് പ്രകടമാക്കാന്‍ തിരഞ്ഞെടുപ്പ് ഉപയോഗപ്രദമാക്കാന്‍ തന്നെയാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: