ലോകത്തിലെ ഏറ്റവും ഉദാത്തമായ ഭാവമാണ് മാതൃഭാവം. അതിലേക്ക് എത്തിച്ചേരുന്നതിന് മുമ്പ് അവള് കടന്നുപോകുന്നത് നിരവധി വഴികളിലൂടെയാണ്. മകളായി, പെങ്ങളായി, സുഹൃത്തായി നിന്നുകൊണ്ട് മാതൃത്വത്തിലേക്കുള്ള പ്രയാണമാണ് ശരിക്കും സ്ത്രീയുടെ ജീവിതം. ഇന്ന് ഇതൊക്കെ അംഗീകരിക്കാന്‍ മടിയാണെങ്കിലും സ്ത്രീയുടെ ജീവിതം പൂര്‍ണതയിലെത്തുന്നത് അമ്മയാകുന്നതിലൂടെയാണെന്നാണ് പണ്ടേയുള്ള പഴമൊഴി. അമ്മ എന്ന നിലയില്‍ സ്ത്രീക്ക് സമൂഹത്തില്‍ വലിയ ബഹുമാനവും ലഭിച്ചിരുന്നു. എന്നാലിന്ന് സ്ത്രീയെ ബഹുമാനിക്കാനുള്ള മനസ് പലര്‍ക്കും നഷ്ടമായിരിക്കുന്നു. സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളാണെന്ന് ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. ഇതാണ് ഇന്നത്തെ സാഹചര്യം. ഈ നില തുടര്‍ന്നാല്‍ അത് എവിടെയെത്തി നില്‍ക്കുമെന്ന് ചിന്തിക്കുക അസാധ്യം. അങ്ങനെയൊരു കാലത്തിലേക്ക് എത്തിപ്പെടുന്നതിന് മുമ്പേതന്നെ ചിലത് നാം ചെയ്യേണ്ടതുണ്ട്.
ഇതിന്റെയെല്ലാം തുടക്കമെന്ന നിലയിലാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഘടകമായ മാതൃസമിതി സ്ത്രീ സ്വാഭിമാന്‍ യാത്ര സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും അപകടകരമായ ലഹരി ഉപയോഗവും ലൈംഗികാതിപ്രസരവും കുഞ്ഞുങ്ങളുടേയും മുതിര്‍ന്നവരുടേയും ജീവിതത്തെ ഒരുപോലെ ആശങ്കാകുലരാക്കുന്നുണ്ട്.
സ്നേഹോഷ്മളവും സുരക്ഷിതവുമായ ജീവിതത്തിന്റെ ആ പഴയ ഓര്മ പുനരുജ്ജീവിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ യാത്ര സ്ത്രീയെ സ്വാഭിമാനമുള്ളവരാക്കിത്തീര്ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുള്ളതാണ്. മാതൃദേവോ ഭവ എന്നുള്ളതാണ് സ്ത്രീ സ്വാഭിമാന്‍ യാത്രയുടെ മന്ത്രം തന്നെ. ജയ്മാതാ എന്ന് അന്യോന്യം അഭിസംബോധന ചെയ്തുകൊണ്ട് അമ്മ എന്ന സങ്കല്പത്തെ സജീവമാക്കുകയും സ്ത്രീയുടെ ആദരണീയത സമൂഹത്തില്‍ നിലനിര്‍ത്തുകയെന്നതുമാണ് മാതൃസമിതിയുടെ ലക്ഷ്യം.
നാളെയിലേക്ക് വളരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വബോധവും ആത്മവിശ്വാസവും പകര്‍ന്നു നല്കാന് ഇന്നു നമ്മള് മാതൃത്വത്തിന്റെ മഹത്വം ഓര്‍മപ്പെടുത്തേണ്ടതുണ്ട്. അമ്മയും പെങ്ങളുമായി അവളെ കാണാന്‍ മനസ്സുകള്‍ സജ്ജമാക്കണം. സ്ത്രീയുടേയും പുരുഷന്റേയും മനസ്സില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. അതിലൂടെ സംജാതമാകുന്ന സുരക്ഷിതത്വബോധം സ്ത്രീ ശാക്തീകരണത്തിനും വഴിയൊരുക്കും. പുതിയ തലമുറയെ മൂല്യബോധം നല്കി വളര്‍ത്തിയെടുത്ത് സ്ത്രീപുരുഷ സഹവര്‍ത്തിത്വത്തിന്റേയും സ്നേഹത്തിന്റെയും ഭാവി രൂപപ്പെടുത്തുകയാണ് മാതൃസമിതി ചെയ്യുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ കാസര്‍കോടുനിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്ര എന്ന രഥയാത്ര ഈ ലക്ഷ്യത്തിലേക്കുള്ള കാല്‍വയ്പാണ്.
ദേവീ നാമജപം നല്കുന്ന ശക്തി സമൂഹസേവനത്തിനും പ്രയോജനപ്പെടുത്തി ആദ്ധ്യാത്മികം, സാമൂഹ്യം, ആചരണം എന്നീ മൂന്നുതലങ്ങളില്‍ ഊന്നിക്കൊണ്ടുള്ള പരിപാടികള്‍ക്കാണ് ഇപ്പോള്‍ രൂപം കൊടുത്തിരിക്കുന്നത്. ഭക്തിയില്‍ നിന്നാരംഭിച്ച് ഭഗവത്ചൈതന്യം സമാഹരിച്ചാണ് ശക്തിയുടെ പ്രതീകമായ സ്ത്രീയെ ശാക്തീകരിക്കുന്നതിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഒക്ടോബര്‍ രണ്ടിന് കേരളത്തിലെ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രത്തില്‍ വച്ച് ലളിതാസഹസ്രനാമജപയജ്ഞം നടത്തിയിരുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അമ്പതാം പിറന്നാള്‍ ആഘോഷവേളയില്‍ ഇത്തരത്തില്‍ വിപുലമായ ക്രിയാത്മക പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: