- രാജ്യ വികസനത്തില്‍ ദേശീയ പാതകളുടെ പങ്കിനെ എങ്ങനെ കാണുന്നു?
ഒരു ദിവസം 30 കിലോമീറ്റര്‍ വീതം ദേശീയപാത നിര്‍മ്മിക്കുമെന്ന ലക്ഷ്യം വ്യക്തിപരമായി മനസ്സില്‍ ഉറപ്പിച്ചുകൊണ്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം സാധ്യമാകും. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ദിവസം മൂന്ന് കിലോമീറ്റര്‍ എന്ന കണക്കിലായിരുന്നു ദേശീയപാതാ വികസനം എങ്കില്‍ ഇപ്പോഴത് ഒരു ദിവസം 15 കിലോമീറ്ററിലേക്ക് എത്തിയിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപ ചിലവില്‍ 8,000 കിലോമീറ്റര്‍ ദേശീയ പാതകള്‍ നിര്‍മ്മിക്കുന്നതിനായി കരാറായിക്കഴിഞ്ഞു . ദേശീയപാത, ഷിപ്പിംഗ് മേഖലകള്‍ രാജ്യത്തിന്റെ ആകെ ജിഡിപിയുടെ രണ്ടുശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
- എന്താണ് സാഗര്‍മാല പദ്ധതി?
കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണിത്. 2003ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രഖ്യാപിച്ച പദ്ധതി. രാജ്യാതിര്‍ത്തിയേയും തീരമേഖലയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള 55,000 കോടിയുടെ പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തിന്റെ എല്ലാ മേഖലകളും തമ്മില്‍ അതിവേഗത്തില്‍ റോഡ്മാര്‍ഗം ബന്ധപ്പെടാന്‍ സാധിക്കും. ചരക്കുനീക്കത്തിന്റെ വേഗത വര്‍ദ്ധിക്കുകയും സാധനങ്ങളുടെ വിപണിവിലയില്‍ കുറവുണ്ടാകുകയും ചെയ്യും.
സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ പ്രധാനപ്പെട്ട 12 തുറമുഖങ്ങളുടെ വികസനത്തിനായി 70,000 കോടി വകയിരുത്താനാണ് തീരുമാനം. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് തുറമുഖങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചരക്ക് നീക്കങ്ങള്‍ക്കായി ചെലവിടുന്ന തുക തുറമുഖ വികസനത്തിലൂടെ ലാഭിക്കാനും സാധിക്കും. ചരക്കുനീക്കത്തിനായി ഭാരതം മുടക്കുന്ന തുക ചൈനയുടെ മൂന്നിരട്ടിയാണ്. ആഗോളവിപണിയുമായി മത്സരിക്കാന്‍ തുറമുഖങ്ങളുടെ വികസനമില്ലായ്മ നമുക്ക് തടസ്സമാകുന്നു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത വ്യവസായികളുടെ യോഗത്തില്‍ പ്രമുഖ വ്യവസായി പരാതിപ്പെട്ടത് മുംബൈയില്‍ നിന്നും ദല്‍ഹിക്ക് പോകുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മുംബൈയില്‍ നിന്നും ലണ്ടനിലെത്താം എന്നായിരുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് അന്തിമ പരിഹാരമാര്‍ഗമാണ് സാഗര്‍മാല പദ്ധതി.
സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം, മത്സ്യബന്ധനം എന്നീ മേഖലകളുടെ വികസനവും സാധ്യമാക്കും. പദ്ധതി നടപ്പാകുമ്പോഴേക്കും 290 ലൈറ്റ് ഹൗസുകളും 1,300 ദ്വീപുകളും വികസനവഴിയിലെത്തിച്ചേരും.
- ജലഗതാഗത വികസന പദ്ധതികള്‍ എന്തൊക്കെ?
രാജ്യത്ത് അഞ്ച് പ്രധാന ദേശീയ ജലപാതകളാണുള്ളത്. ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജലപാതകളിലൂടെ ചരക്കുനീക്കം സാധ്യമാക്കിയാല്‍ ഒരു കിലോമീറ്ററിന് 30-40 പൈസ നിരക്കില്‍ ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കും. റെയില്‍വേയില്‍ കിലോമീറ്ററിന് ഒരു രൂപയും റോഡ് മാര്‍ഗത്തില്‍ ഒന്നര രൂപയുമാണ് നിലവില്‍ ചരക്കുനീക്കത്തിന് ചെലവാകുന്നത്. നദികളുടെ വികസനവും ലക്ഷ്യമിടുന്നുണ്ട്. ദല്‍ഹിയില്‍ നിന്നും യമുനാ നദിയിലൂടെ സഞ്ചരിച്ച് ആഗ്രയിലേക്ക് എത്താന്‍ സാധിക്കുന്ന കാലം വിദൂരമല്ല.
- എന്താണ് വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ കേന്ദ്രസര്‍ക്കാര്‍ നിലപാട്?
വളരെ പ്രാധാന്യമുള്ള പദ്ധതിയാണ് വിഴിഞ്ഞത്ത് നടപ്പാകാന്‍ പോകുന്നത്. വിഴിഞ്ഞത്തേക്ക് സൗജന്യമായി റോഡ്,റെയില്‍ പാതകള്‍ നിര്‍മ്മിച്ചു നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിനുള്ള താല്‍പ്പര്യക്കുറവ് വ്യക്തമാണ്. വികസനത്തെ പിന്നോട്ടടിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അതംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭിക്കാന്‍ വൈകുന്ന ഒരോ നിമിഷവും രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ട്. കേരളത്തില്‍ 25000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് അവരെ അറിയിച്ചിട്ടുണ്ട്. 600 കിലോമീറ്റര്‍ നീളത്തിലുള്ള ഹില്‍ ഹൈവേ പദ്ധതിയും ഏറ്റെടുക്കാന്‍ സജ്ജമാണ്. എന്നാല്‍ ഭൂമിയേറ്റെടുക്കല്‍ ആണ് അവിടുത്തെ തടസ്സം.
- ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പുതിയ പദ്ധതികള്‍?
കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 11,000 കോടി രൂപ ചെലവില്‍ ആയിരം കിലോമീറ്ററിന്റെ ദേശീയപാതാ പദ്ധതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാകും.
ദല്‍ഹിയില്‍ നിന്നും കത്രയിലേക്ക് 8 മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദേശീയ പാതയുടെ നിര്‍മ്മാണവും ആരംഭിച്ചുകഴിഞ്ഞു. ജമ്മുകശ്മീരിലെ വൈഷ്ണോദേവി തീര്‍ത്ഥാടകര്‍ക്ക് വലിയ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്. ദേശീയപാതകളുടെ നിര്‍മ്മാണത്തുകയില്‍ ഒരു ശതമാനം മാറ്റിവെച്ച് പാതയോരത്ത് ഹരിത ഇടനാഴി നിര്‍മ്മിക്കാനുള്ള പദ്ധതിയും ആരംഭിച്ചുകഴിഞ്ഞു. ലണ്ടന്‍ മാതൃകയില്‍ കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസ്സുകള്‍ രണ്ടുമാസത്തിനുള്ളില്‍ നിരത്തിലിറങ്ങും.
വ്യവസായ സംരംഭകത്വം, കണ്ടുപിടുത്തം, സാങ്കേതികവിദ്യ, ഇ-ഗവേണന്‍സ് എന്നീ നാലു തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഗതാഗത-ഷിപ്പിംഗ്-തുറമുഖ മന്ത്രാലയത്തില്‍ നടപ്പാക്കുന്നതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: