എം.പി.ഗോപാലകൃഷ്ണന്
തലശ്ശേരി: കേരളത്തിലെ ഏക സൂര്യനാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കതിരൂര്‍ പഞ്ചായത്തില്‍ ബിജെപി സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. നിലവില്‍ പ്രതിപക്ഷമില്ലാത്ത ഈ പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. യുഡിഎഫിന് ഈ പഞ്ചായത്തില്‍ ഒരു സ്വാധീനവും ഇല്ലാത്തതിനാല്‍ ബിജെപിക്ക് വളരെയധികം പ്രതീക്ഷയാണ് ഈ തെരഞ്ഞെടുപ്പിലുള്ളത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഡയമണ്‍ മുക്ക്, ചുണ്ടങ്ങാപ്പൊയില്‍, കക്കറ, വേറ്റുമ്മല്‍, മൂന്നാംമൈല്‍, നായനാര്‍ റോഡ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഡുകളില്‍ വിജയമുറപ്പിക്കാനുള്ള അണിയറ നീക്കങ്ങളാണ് നടന്നുവരുന്നത്. വോട്ടര്‍മാരില്‍ രാജ്യം മുഴുവന്‍ ഉണ്ടായിട്ടുള്ള ദേശീയ വികാരം അലയടിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പദയാത്ര. പദയാത്രയുടെ സമാപന സമ്മേളനത്തില്‍ കെ.പി.ശശികല ടീച്ചറുടെ പ്രസംഗം കേള്‍ക്കാനെത്തിയ ആയിരങ്ങളുടെ സാന്നിധ്യം സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമായിരുന്നു. കൂടാതെ ന്യൂനപക്ഷ പ്രീണനം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മാര്‍ക്സിസ്റ്റ്, കോണ്‍ഗ്രസ് നയങ്ങളോടുള്ള ജനവികാരം കതിരൂര്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: