പാനൂര്‍: ഒകെ.വാസു സീറ്റ് നിരസിച്ചു.എ.അശോകന് കൂത്തുപറമ്പ്ബ്ലോക്കിലേക്ക് മാങ്ങാട്ടിടം ഡിവിഷനില്‍ നിന്നും മത്സരിക്കും. ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്നുവെങ്കില്‍ പ്രസിഡണ്ട് സ്ഥാനം വേണമെന്ന നിര്‍ബന്ധബുദ്ധിയില്‍ ഒകെ.വാസു ഉറച്ചുനിന്നതോടെയാണ് എ.അശോകന് നറുക്ക് വീണത്. സിപിഎം ജില്ലാനേതൃത്വത്തിന്റെ അവസാനവട്ട ഇടപ്പെടലിനും ഒകെ.വാസുവിനെ മയപ്പെടുത്താന്‍ സാധിച്ചില്ല. പ്രസിഡണ്ട് സ്ഥാനത്തേക്ക് കാരായി രാജനെയാണ് ജില്ലാനേതൃത്വം തീരുമാനിച്ചിട്ടുളളത്. ഇത് ഒകെ.വാസുവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് മെമ്പറായി ചുരുങ്ങാന്‍ തന്നെ കിട്ടില്ലെന്ന് പി.ജയരാജനോട് ഒകെ.വാസു അസന്നിഗ്ദമായി പറഞ്ഞതോടെ എ.അശോകന് മത്സര രംഗത്തെത്തുകയായിരുന്നു. ഇരുവരില്‍ ഒരാള്‍ക്കായിരുന്നു സീറ്റ് നല്കാന് ധാരണയായത്. ഒകെ.വാസുവിന്റെ നിലപാട് പാര്‍ട്ടിവിരുദ്ധമാണെന്ന് ജില്ലാകമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു. കേഡര്‍ തലത്തിലേക്ക് ഉയര്‍ന്നു വരാത്തത് പരിശോധനാവിധേയമാക്കണമെന്ന് കമ്മറ്റി അംഗങ്ങള്‍ വാദിച്ചു. എന്നാല്‍ എ.അശോകന്റെ നിലപാടും തുടര്‍ന്ന് വരുന്ന പ്രവര്‍ത്തനവും പാര്‍ട്ടിക്ക് വിധേയമാണെന്ന് മുഴുവന്‍ അംഗങ്ങളും ഏകകണ്ഠമായി പറഞ്ഞു. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനു ശേഷം ഒകെ.വാസുവിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാമെന്ന് പി.ജയരാജന് മറ്റ് നേതാക്കള്‍ക്ക് ഉറപ്പു നല്കി. പിണക്കിയാല്‍ അപകടമാണെന്ന ആക്ഷേപവുമുയര്‍ന്നു. എ.അശോകനെ വിളിച്ച് അനുരജ്ഞനത്തിന് ശ്രമിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശാരീരിക അവശത ചൂണ്ടിക്കാട്ടി മാറിനില്‍ക്കാനും ഒകെ.വാസു തീരുമാനിച്ചിട്ടുണ്ട്. പൊയിലൂര്‍ ലോക്കല്‍ കമ്മറ്റിക്ക് ഇത് സംബന്ധിച്ച് കത്തു നല്‍കും. ഇതിനിടെ ഇന്നലെ പാര്‍ട്ടിയില്‍ ചേക്കേറിയവര്‍ക്ക് സ്ഥാനം നല്‍കുന്നതിലും ഒരുവിഭാഗം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: