സ്വന്തം ലേഖകന്‍
കണ്ണൂര്‍: പത്രികാ സമര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂര്‍ കോര്പറേഷന് തെറഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ ലീഗിന് അതൃപ്തി. ആകെയുള്ള 55 ഡിവിഷനുകളില്‍ പതിനെട്ടെണ്ണമാണ് കോണ്‍ഗ്രസ്സ് ലീഗിന് നല്‍കിയിരിക്കുന്നത്. 25 സീറ്റ് വേണമെന്ന നിലപാടില്‍ ലീഗ് നേതൃത്വം ഉറച്ച് നിന്നതിനാല്‍ സീറ്റ് വിഭജന ചര്‍ച്ച പലതവണ തീരുമാനമാകാതെ മാറ്റി വെച്ചിരുന്നു. അവസാനം സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടാണ് സീറ്റ് വിഭജനത്തില്‍ ഏകദേശ ധാരണയുണ്ടാക്കിയത്. 18 സീറ്റെന്ന തീരുമാനത്തില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ടെങ്കിലും ലീഗിനകത്തെ വലിയൊരു വിഭാഗവും ഇതില്‍ അതൃപ്തരാണ്. കോര്‍പറേഷനില്‍ ഒറ്റക്ക് മത്സരിച്ചാല്‍ പോലും ഇത്രയും സീറ്റില്‍ ജയിക്കാമെന്നാണ് ലീഗിലെ ഒരു വിഭാഗം പറയുന്നത്.
സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണമാണ് ലീഗ് നേതൃത്വം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രശ്നം. ഇരുപത്തിയഞ്ച് സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നി മത്സരിക്കാന്‍ തയ്യാറായ പലരും ഇപ്പോള്‍ കടുത്ത നിരാശയിലാണ്. മത്സര രംഗത്ത് നിന്ന് ആരെയാണ് മാറ്റി നിര്‍ത്തുകയെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം. അസംതൃപ്ത വിഭാഗം വിമതരായി തനിച്ച് മത്സരിക്കുമോ എന്ന ആശങ്കയും ഔദ്യോഗിക നേതൃത്വത്തിനുണ്ട്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ ദോഷമായി ബാധിക്കുമെന്നും നേതൃത്വത്തിനറിയാം.
കോണ്‍ഗ്രസിനകത്തും നിലവിലുള്ള സ്ഥിതി ഭദ്രമല്ല. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കണ്ണൂരില്‍ രൂക്ഷമാണ്. നേരത്തെ കെ.സുധാകരന്റെ ഗ്രൂപ്പില്‍ സജീവമായിരുന്ന പള്ളിക്കുന്നിലെ പി.കെ.രാഗേഷ് ഐ ഗ്രൂപ്പിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയതാണ് കോണ്‍ഗ്രസ്സിന് ഇപ്പോള്‍ തലവേദനയായിരിക്കുന്നത്. നേരത്തെ പി.കെ.രാഗേഷിനെ കോണ്ഗ്രസ്സുകാര് തന്നെ അക്രമിച്ച് പരിക്കേല്പിച്ചിരുന്നു. കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആരെതിര്‍ത്താലും മത്സരിക്കുമെന്ന കടുത്ത തീരുമാനത്തിലാണ് രാഗേഷ്. രാഗേഷിനെ അനുനയിപ്പിച്ച് മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. സുധാകരന്റെ തീരുമാനത്തെ മറികടന്ന് രാഗേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. പി.കെ.രാഗേഷ് മത്സരിക്കുകയാണെങ്കില്‍ തോല്പിക്കുമെന്ന തീരുമാനത്തിലാണ് സുധാകര പക്ഷവും.
ലീഗിനെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ശ്രമമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. താളിക്കാവ് ഉള്‍പ്പെടുന്ന ഡിവിഷനില്‍ നിലവിലുള്ള നഗരസഭാ കൗണ്‍സിലറെ തന്നെ മത്സരിപ്പിക്കണമെന്നാണ് പ്രദേശത്തെ കോണ്ഗ്രസ്സുകാര് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനെ മറികടന്ന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് അവസരം നല്‍കാതെ കാലാകാലം മത്സരിക്കുന്നവര്‍ക്ക് സീറ്റ് നല്‍കുന്നതിനെതിരെ യൂത്ത്കോണ്‍ഗ്രസും ശക്തമായി രംഗത്തുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യം യൂത്ത്കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലീഗിന്റെ അതൃപ്തിയും കോണ്‍ഗ്രസ്സിലെ ചേരിപ്പോരും കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: