കൊച്ചി: സാമ്പത്തികം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ രംഗങ്ങളിലെ കേരളത്തിന്റെ വളര്‍ച്ച രാജ്യത്തിന് മാത്യകയാണെന്ന് യൂണിയന് ബാങ്ക് സി.എം.ഡി. അരുണ്‍ തിവാരി. ചെറുകിട സ്വയംതൊഴില്‍ സംരംഭകരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി മുദ്രയോജനയുടെ രണ്ടാം ഘട്ട വായ്പയുടെ വിതരണോദ്ഘാടനം ബാങ്കിന്റെ പെരുമ്പാവൂര്‍ ശാഖയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ ശാക്തീകരണത്തിന് മാത്യകയായ കുടുംബശ്രീയ്ക്ക് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയിട്ടുള്ളത് യൂണിയന് ബാങ്കാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ സംരംഭകര്‍ക്ക് സ്വയംതൊഴിലിനായി ധനസഹായം നല്‍കുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ഈ പദ്ധതി ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്നായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ശിശു സ്കീമില്‍ ഒരു വ്യക്തിക്ക് 50000/ രൂപ വരെയും, കിഷോര്‍ സ്കീമില്‍ 50000/ രൂപ മുതല്‍ 5 ലക്ഷം വരെയും, തരുണ്‍ സ്കീമില്‍ 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപാ വരെയുമാണ് വായ്പ ലഭിക്കുക. മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി.
ബാങ്കിന്റെ എറണാകുളം റീജണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര് നല്ലൈയ്യപ്പന്‍, ലീഡ് ഡിസ്ട്രിക് മാനേജര്‍ വി. അനില്‍കുമാര്‍, ക്രഡിറ്റ് ഡിവിഷന് ചീഫ് മാനേജര്‍ സി. സതീഷ്, ആര്‍സെറ്റി ഡയറക്ടര്‍ ബിജോയ് നായര്‍, ശാഖ മാനേജര്‍ ഗുരുചരണ്‍ നന്ദഗിരി വെങ്കട്, ഓവര്‍സീസ് ബ്രാഞ്ച് എ.ജി.എം. ആര് മുരളി എന്നിവര്‍ക്കൊപ്പം ബാങ്കിന്റെ ജില്ലയിലെ എല്ലാ ശാഖാ മാനേജര്‍മാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: