പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ 20-ാം വാര്‍ഡില്‍പെട്ട വെളുകൊല്ലി പ്രദേശത്തെ ജനങ്ങള്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ആദിവാസി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്. 45 വീടുകളാണിവിടെയുള്ളത്. വാഹന സൗകര്യങ്ങളോ, ഗതാഗത യോഗ്യമായ റോഡുകളോ ഇവര്‍ക്കില്ല. കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ചുവേണം ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍. കുറിച്ചിപ്പറ്റ മുതല്‍ കുറുവാ ദ്വീപുവരെ മൂന്നര കിലോമീറ്ററോളം ദൂരത്തില്‍ 187 മീറ്റര്‍ മാത്രമാണ് സോളിംഗ് നടത്തിയ റോഡുള്ളത്.
വന്യമൃഗശല്ല്യം രൂക്ഷമായ ഇവിടെ ആന പ്രതിരോധ മതിലുകള്‍ നിര്‍മിക്കാത്തതിലും ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. വിദ്യാര്‍ഥികളടക്കം പുറംലോകവുമായി ബന്ധപ്പെടുന്നതിന് ബുദ്ധിമുട്ടുന്ന പ്രദേശവാസികളെ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രമാണ് രാഷ്ട്രീയ കക്ഷികള്‍ തിരിഞ്ഞുനോക്കുന്നതെന്നാണ് ഇവരുടെ പരാതി. മാറി മാറി വരുന്ന ഭരണക്കാര്‍ ഈ വാര്‍ഡിലെ ജനങ്ങളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് ജനകീയ കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ വി.ടി. പ്രശാന്ത്, എം.ആര്. സതീഷ്, എം.എന്‍. കനകദാസ്, സി.ജെ. ജിത്തു, ഇ.ടി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: