തിരുവല്ല: ജില്ലയുടെ നെല്ലറയായ അപ്പര്‍കുട്ടനാടിന്റെ നട്ടെല്ലായ പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ഇക്കുറിപോരുമുറുകും. ഇരുമുന്നണികള്‍ക്കും ബിജെപിക്കും സ്വാധീനമുള്ള പഞ്ചായത്താണ് പെരിങ്ങര. കഴിഞ്ഞ തവണ പതിനഞ്ചു വാര്‍ഡുകളില്‍ 12 സീറ്റില്‍ വിജയം കൊയ്ത് യൂഡിഎഫ് ഭരണത്തിലേറി. 3 പേര വിജയിപ്പിക്കുവാന്‍ മാത്രമേ എല്ഡിഎഫിനായുള്ളു. പലയിടത്തും നിറസാന്നിധ്യം അറിയിച്ച ബിജെപി ഒരു സീറ്റില്‍ വിജയംകണ്ടു. അദ്ധ്യക്ഷസ്ഥാനം വനിതാ സംവരണമായതോടെ കരുത്തുറ്റ വനിതകളെ കളത്തിലിറക്കിയാണ് മുന്നണികള്‍ മൂന്നും മത്സര രംഗത്തെത്തിയിട്ടുള്ളത്.
ഇത്തവണയും വിജയം അവകാശപ്പെടുന്ന യുഡിഎഫിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ കനത്ത തിരിച്ചടിയാകാനാണ് സാധ്യത. അടുത്തിടെ മുന്നണിയില്‍ ചേക്കേറിയ ആര്‍എസ്പി ഉള്‍പ്പടെയുള്ള ഘടക കക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിനെ തുടര്‍ന്നുള്ള കല്ലുകടികള്കൂടിയാകുമ്പോള് ഇവിടെ വലതുപക്ഷം വെട്ടിലാകും. അടിക്കടിയുള്ള തിരിച്ചടികള്‍ക്കിടയിലും അട്ടിമറി പ്രതീക്ഷയിലാണ് ഇടതുപക്ഷം. പാര്‍ട്ടിയുടെ കൊട്ടകൊത്തളങ്ങള്‍ ഭേദിച്ച് ബിജെപി നടത്തിയ മുന്നേറ്റത്തിന്റെ ആവേശത്തില്‍ അന്‍പതോളം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേക്കേറിയത് പാര്‍ട്ടിക്കും തിരിച്ചടിയായി. വിഭാഗീയ പ്രശ്നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും വരും ദിനങ്ങളില്‍ ഇടത് കോട്ടകളിലും വിള്ളലുണ്ടാക്കും.
നില ഏറെ മെച്ചപ്പെടുത്തിയ ബിജെപിക്കാകട്ടെ കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ ചിട്ടയോടെയുള്ള പ്രവര്‍ത്തനംമൂലം സ്വാധീനം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു. കഴിഞ്ഞ തവണ നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട നാലോളം സീറ്റുകളില്‍ വിജയം കാണുന്നതോടൊപ്പം മറ്റ് പല വാര്‍ഡുകളും ബിജെപി ലക്ഷ്യം വയ്ക്കുന്നുണ്ട്. പരമ്പാരാഗത വോട്ടുകള്‍ക്ക് പുറമെ നരേന്ദ്രമോദി സര്‍ക്കാരിന്റെ മതേതര നിലപാടില്‍ അകൃഷ്ടരായ ന്യൂനപക്ഷ വോട്ടുകളും അനുകൂലമാക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി.
22 കോടിയുടെ അടിസ്ഥാനവികസനം നടപ്പിലാക്കിയെന്ന് ഭരണനേതൃത്വം അവകാശപ്പെടുപ്പോള്‍ ഈ മേഖലയില്‍ പദ്ധതിവിഹിതം പലതും നഷ്ടപ്പെടുത്തിയതായാണ് ബിജെപിയുടെ ആരോപണം. പാര്‍പ്പിട, ഗൃഹശ്രീ പദ്ധതികളിലൂടെ വീടുനല്കിയവരില് അനര്‍ഹര്‍ കടന്നുകൂടിയെന്നും ആരോപണമുണ്ട്. ഭവനദാന പദ്ധതി പ്രകാരം പഞ്ചായത്തിന് അനുവദിച്ച തുക പൂര്‍ണമായി വിനിയോഗിച്ചില്ല. കുട്ടനാട് പാക്കേജ് ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിലും പരാജയം സംഭവിച്ചു. ജില്ലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന നെല്ലിന്റെ 75 ശതമാനവും കൃഷിചെയ്യുന്ന പെരിങ്ങരയിലെ കര്‍ഷകരുടെ പരിരക്ഷയ്ക്ക് ചെറുവിരല്‍ അനക്കാന്‍ ഭരണസമിതിക്ക് ആയില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.
സ്വപ്ന പദ്ധതിയായി കൊട്ടിഘോഷിക്കപ്പെട്ട പെരിങ്ങര കുടിവെളള പദ്ധതി കമ്മീഷന് ചെയ്യുന്നതിന് മുമ്പുതന്ന ജലസംഭരണിയില്‍ ചോര്‍ച്ച ഉണ്ടായത് പദ്ധതി നടത്തിപ്പിലെ അഴിമതിമൂലമാണെന്ന ആരോപണവും ഉയര്‍ന്നുവരുന്നു. പദ്ധതിക്ക് ആവശ്യമായ ജലവിതരണക്കുഴലുകള്‍ പൂര്‍ണ്ണമായും സ്ഥാപിക്കുന്നതിനും ഭരണസമിതിക്കായില്ല.
പുറമ്പോക്ക് ഭൂമികള്‍ പിടിച്ചെടുത്ത്ഭൂരഹിതര്ക്ക് വിതരണം ചെയ്യുന്ന സീറോലാന്‍ഡ് പദ്ധതി പഞ്ചായത്തില്‍ നടപ്പാക്കുന്നതിലും കയ്യേറ്റങ്ങള്‍ നിരവധിയുള്ള പെരിങ്ങരയില്‍ നടപ്പിലായില്ല. ബയോഗ്യാസ്, പൈപ്പ് കമ്പോസ്റ്റ്, തൊഴിലുറപ്പ് പദ്ധതികളുടെ പരാജയം, റോഡുകളും ശോചനീയാവസ്ഥ, കേരഗ്രാമം, തരിശ് രഹിത കൃഷി, ഗുരുതരമായ മാലിന്യ പ്രശ്നങ്ങളും എല്ലാംതന്നെ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളായി മാറിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: