Categories: Malappuram

സംസ്‌കൃത സര്‍വകലാശാലയിലെ ബീഫ് ഫെസ്റ്റ്; ശങ്കരദര്‍ശനങ്ങള്‍ക്ക് വിരുദ്ധം

Published by

തിരൂര്‍: കാലാടി ശ്രീശങ്കരാചാര്യ സംസ്‌കൃതം സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിവെല്‍ ശങ്കരദര്‍ശനങ്ങള്‍ക്ക് വിരുദ്ധവും ശങ്കരസ്മരണകളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ബിജെപി സാംസ്‌കാരിക വിഭാഗം ജില്ലാ കമ്മറ്റി ആരോപിച്ചു.

മാംസഭോജികളുടെ അവകാശത്തെ എതിര്‍ക്കുന്നില്ല. അത് ശങ്കരാചാര്യരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന കാമ്പസിനകത്ത് നടത്തിയത് ഉചിതമല്ല. മൃഗബലിയും നരബലിയും അവസാനിപ്പിച്ച് ജീവന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയ ശങ്കരാചാര്യരുടെ മുഖത്ത് ഗോരക്തവും ഗോമാംസവും എറിഞ്ഞ് അപകീര്‍ത്തിപ്പെടുത്തിയതിന് തുല്യമാണിത്. ഇവിടെ ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണം. ആവശ്യമെങ്കില്‍ ഗവര്‍ണ്ണറുടെ ഇടപെടലും ഉണ്ടാകണം.

സംഘര്‍ഷത്തിന് കാരണമാകുന്നുമെന്ന് അറിഞ്ഞിട്ടും പരിപാടിക്ക് അനുമതി നല്‍കിയ ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സാംസ്‌കാരിക വിഭാഗം ജില്ലാ കണ്‍വീനര്‍ തിരൂര്‍ ദിനേശ് ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് കാമ്പസില്‍ എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തിയത്. പ്രദേശിക കേന്ദ്രം ഡയറക്ടറുടെ അനുമതി നേടിയിരുന്നു. ഇന്നലെ ബീഫ് കറികളും മറ്റ് സാമഗ്രികളും ഒരുക്കുകയായിരുന്നു.

വിവരം കേട്ടറിഞ്ഞ് രോക്ഷാകുലരായവര്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും തിരുന്നാവായയിലേക്ക് എത്തിച്ചേരാന്‍ തുടങ്ങി. പ്രതിഷേധം ശക്തമായിട്ടും അനുമതി ഉള്ളതുകൊണ്ട് ബീഫ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുമെന്ന വാശിയില്‍ എസ്എഫ്‌ഐക്കാര്‍ ഉറച്ചുനിന്നു. പക്ഷേ കാമ്പസിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ കറികളില്‍ പെട്രോള്‍ ഒഴിക്കുകയും മറ്റ് സാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു.

അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് വലിയൊരു സംഘര്‍ഷം ഒഴിവായി. പക്ഷേ ഫെസ്റ്റ് നടത്താന്‍ അനുമതി നിലനില്‍ക്കുന്നതിനാല്‍ വീണ്ടും പരിപാടി നടത്താന്‍ എസ്എഫ്‌ഐ നീക്കം നടത്തുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts