പുല്‍പ്പള്ളി: വികസന പ്രവര്‍ത്തനങ്ങള്‍ കടന്നുചെന്നിട്ടില്ലാത്ത, വന പ്രദേശങ്ങളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ വോട്ട് ബഹിഷ്കരണ മുന്നറിയിപ്പുമായി രംഗത്തെത്തി. പുല്‍പ്പള്ളി പഞ്ചായത്ത് 15-ാം വാര്‍ഡിലെ മഠാപ്പറമ്പ്, മണലമ്പത്ത്, കുറുക്കമൂല, കരുമം എന്നിവിടങ്ങളിലെ പ്രദേശവാസികളാണ് വോട്ട് ബഹിഷ്കരണത്തിനൊരുങ്ങുന്നത്. 85 ആദിവാസി കുടുംബങ്ങളടക്കം നൂറോളം കുടുംബങ്ങളാണിവിടെയുള്ളത്. ഇവിടെയുള്ള 155 വോട്ടര്‍മാരാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചത്. 1942ന് മുമ്പ് പട്ടയം ലഭിച്ചിട്ടുള്ള ഈ പ്രദേശത്തുകാര്‍ക്ക് ഗതാഗത യോഗ്യമായ ഒരുറോഡുപോലുമില്ല. വാസയോഗ്യമല്ലാത്ത വീടുകളാണ് ആദിവാസികള്‍ക്കുള്ളത്. ഇവിടങ്ങളില്‍ വൈദ്യുതിയുമില്ല. വന്യമൃഗശല്ല്യത്താല്‍ കഷ്ടപ്പെടുന്ന ഇവര്‍ക്ക് തോക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തതും, ഏകാധ്യാപക സ്കൂളിന് കെട്ടിടമില്ലാത്തതുമെല്ലാം വോട്ട് ബഹിഷ്ക്കരണത്തിന് കാരണമായി ഇവര്‍ പറയുന്നു. ഇവിടത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്‍കുമെന്ന് പറഞ്ഞത് അധികൃതര്‍ നടപ്പിലാക്കിയിട്ടില്ലെന്നും ജനകീയ സമിതി അറിയിച്ചു. പത്രസമ്മേളനത്തില്‍ ഭാസ്കരന് മഠാപറമ്പ്, വിജയകുമാര്‍, ഗോപി, അയ്യപ്പന്, ഭാസ്കരന്, ബിനുരാജ്, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: