കല്‍പ്പറ്റ : വയനാട് ജില്ലാആസ്ഥാനം ഇനി പെണ്ഭരണത്തിനുകീഴില്. ജില്ലാപഞ്ചായത്ത്, കല്പ്പറ്റബ്ലോക്ക്പഞ്ചായത്ത്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഇനി അഞ്ച്വര്‍ഷത്തേക്ക് ഭരണം കയ്യാളുന്നത് വനിതള്‍. ഇതാദ്യമായാണ് ജില്ലാആസ്ഥാനത്തെ മൂന്ന് തദ്ദേശസ്ഥാപനങ്ങളിലും ഭരണസാരഥ്യം സ്ത്രീകളുടെ ചുമതലയിലാകുന്നത്. ജില്ല, ബ്ലോക്ക്, മുന്‍സിപ്പല്‍ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരുന്നതിനുപ്രാപ്തരായസ്ത്രീകളെ കണ്ടെത്തി മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രധാനരാഷ്ട്രീയപാര്ട്ടികള്. കഴിഞ്ഞ അഞ്ച്വര്‍ഷം പൊതുവിഭാഗത്തില്‍നിന്നുള്ള പുരുഷന്മാരായിരുന്നു അദ്ധ്യ ക്ഷ സ്ഥാനങ്ങളില്ഉണ്ടായിരുന്നത്.
16 ഡിവിഷനുകളടങ്ങുന്ന ജില്ലാ പഞ്ചായത്തും കല്‍പ്പറ്റ, പനമരം, മാനന്തവാടി, ബത്തേരി എന്നീ ബ്ലോക്ക് പഞ്ചായത്തുകളും 23 ഗ്രാമപ്പഞ്ചായത്തുകളും അടങ്ങുന്നതാണ് ജില്ലയിലെ ത്രിതല പഞ്ചായത്ത് സംവിധാനം. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിങ്ങനെ മൂന്ന് മുന്‍സിപ്പാലിറ്റികളും ജില്ലയിലുണ്ട്. പുതുതായി നിലവില്‍വന്നതാണ് ബത്തേരി, മാനന്തവാടി മുന്‍സിപ്പാലിറ്റികള്‍.
ബ്ലോക്ക് പഞ്ചായത്തുകളില്‍ പനമരം ഒഴികെയുള്ളതില്‍ പെണ്ണുങ്ങളാണ് ഭരണത്തിനു നേതൃത്വം നല്‍കുക. കല്‍പ്പറ്റയ്ക്കു പുറമേ ബത്തേരിയിലും വനിതയ്ക്ക് സംവരണം ചെയ്തതാണ് പ്രസിഡന്റ് സ്ഥാനം. ആദിവാസി വനിതയ്ക്ക് നീക്കിവെച്ചിരിക്കയാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി. മുന്‍സിപ്പാലിറ്റികളില്‍ ബത്തേരിയില്‍ മാത്രമായിരിക്കും ചെയര്മാന്. പട്ടികവര്‍ഗ വനിതയാണ് മാനന്തവാടി മുന്‍സിപ്പാലിറ്റി ഭരിക്കുക.
ഗ്രാമപ്പഞ്ചായത്തുകളില്‍ കോട്ടത്തറ, തരിയോട്, വൈത്തിരി, മൂപ്പൈനാട്, പനമരം, പുല്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മീനങ്ങാടി, അമ്പലവയല്‍ എന്നിവിടങ്ങളില്‍ വനിതയ്ക്ക് സംവരണം ചെയ്തതാണ് പ്രസിഡന്റ്സ്ഥാനം. മുള്ള ന്കൊല്ലിയിലും എടവകയിലും പട്ടികവര്ഗവനിതയാണ് ഭരണസമിതിയെ നയിക്കുക. മുട്ടില്‍, വെങ്ങപ്പള്ളി, പടിഞ്ഞാറെത്തറ, പൊഴുതന, മേപ്പാടി, കണിയാമ്പറ്റ, തൊണ്ടര്‍നാട്, നൂല്‍പ്പുഴ എന്നിവിടങ്ങളിലാണ് പൊതുവിഭാഗത്തില്‍നിന്നു പ്രസിഡന്റുമാര്‍ വരിക. പട്ടികവര്‍ഗത്തിനു(ജനറല്‍) സംവരണം ചെയ്തതാണ് പൂതാടി, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ പ്രസിഡന്റ് പദവി.
ജില്ലയില്‍ ഇക്കുറി 413 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ്. 2010ല്‍ 459 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ബത്തേരിയും മാനന്തവാടിയും മുന്സിപ്പാലിറ്റിയായതാണ് പഞ്ചായത്ത്വാര്ഡുകളുടെ എണ്ണംകുറഞ്ഞതിനുകാരണം. ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ 168 എണ്ണം പൊതുവിഭാഗം വനിതകള്‍ക്കും 43 എണ്ണം പട്ടികവര്‍ഗ വനിതകള്‍ക്കും സംവരണം ചെയ്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: