പത്തനംതിട്ട: അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മലയാലപ്പുഴ ജെഎന്‍പി എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി,ഹയര്‍ സെക്കന്ററി മേഖലാ ഡപ്യൂട്ടി ഡയക്ടര്‍,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ 30 നു മുന്‍പ് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന് അംഗം ജെ.സന്ധ്യ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മലയാലപ്പുഴ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം പഠിപ്പു മുടക്കി സ്കൂളിനു മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു. ഉച്ചയോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. പഠനത്തിവശ്യമായ മേശകള്‍ ലഭ്യമാക്കാമെന്ന ഉറപ്പിന് മേലാണ് കുട്ടികള്‍ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ അദ്ധ്യയന വര്‍ഷമാണ് ഹയര്‍ സെക്കന്ററി അനുവദിച്ചതെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി വിദ്യാഭ്യാസത്തെ ബാധിക്കുന്നു. ക്ലാസ്സ് മുറികളിലെ അസൗകര്യങ്ങള്‍ക്കു പുറമേ സയന്‍സ് ലാബുകളും ഒരുക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. 120 കുട്ടികളാണ് ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ പഠിക്കുന്നത്. പഴക്കമേറിയ കെട്ടിടത്തില്‍ സ്ക്രീന്‍ ഉപയോഗിച്ച് വേര്‍തിരിച്ചാണ് ക്ലാസ്സ് റൂമുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആറു മാസം മുന്‍പ് സ്കൂള്‍ വികസനത്തിനായി ജില്ലാ പഞ്ചായത്ത് 23.5 ലക്ഷം രൂപ അനുവദിച്ചതായും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: