കൊച്ചി: കാറോടിക്കുമ്പോള്‍ ഡ്രൈവിംഗ് തടസപ്പെടാതെ പാട്ടുകേള്‍ക്കാനും ജിപിഎസും മൊബൈലും ഉപയോഗിക്കാനും സഹായിക്കുന്ന ഹാന്‍ഡ്സ്ഫ്രീ ഉപകരണം വികസിപ്പിച്ച മലയാളി യുവസംരംഭകര്‍ 40 ദിവസത്തിനുളളില്‍ അഞ്ചു ലക്ഷം ഡോളറിന്റെ പ്രീഓര്‍ഡര്‍ നേടി റെക്കോര്‍ഡിട്ടു.
അന്‍പതു രാജ്യങ്ങളില്‍ നിന്ന് 1800 ഓര്‍ഡറുകള്‍ നേടി സ്റ്റാര്‍ട്ടപ് വില്ലേജിലെ എക്സ്പ്ലൊറൈഡാണ് ഇന്ത്യന്‍ യുവസംരംഭകര്‍ക്കിടയിലെ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
പൂര്‍ണമായും ഡ്രൈവിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചുതന്നെ ഡിജിറ്റല്‍ ഭൂപടങ്ങള്‍ നോക്കാനും സന്ദേശങ്ങളയക്കാനും പാട്ടുകേള്‍ക്കാനും കൈയ്യുടെ ചെറുചലനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ‘എക്സ്പ്ലൊറൈഡ് ഹെഡ്സ് അപ് ഡിസ്പ്ലേ’ സഹായിക്കും.
അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച് 40 ദിവസങ്ങള്‍ക്കുള്ളില്‍ ഉപകരണം 5,12,718 ഡോളറിന്റെ വ്യാപാരമുറപ്പിച്ചു. ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ടപ് സംരംഭവും ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല. കാറിന്റെ ഡാഷ്ബോര്‍ഡില്‍ വയ്ക്കാവുന്ന സുതാര്യമായ ചെറിയ സ്ക്രീനാണ് എക്സ്പ്ലാറൈഡ് ഹെഡ്സ് അപ് ഡിസ്പ്ലേ. കാറിലെ എഫ് എം, മീഡിയാപ്ലേയര്‍ തുടങ്ങിയ വിനോദോപാദികള്‍, സ്പീഡോമീറ്ററും ഡിജിറ്റര്‍ റീഡ്ഔട്ടും അടങ്ങുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ സിസ്റ്റം, ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ഒറ്റ സ്ക്രീനിലേക്കു കൊണ്ടുവരുന്നതിലൂടെ റോഡില്‍ നിന്നു കണ്ണെടുക്കാതെ ഡ്രൈവ് ചെയ്യാന്‍ ഇതു സഹായിക്കുമെന്ന് എക്സ്പ്ലൊറൈഡ് സിഇഒ സുനില്‍ വല്ലത്ത് വിശദീകരിച്ചു.
ജിപിഎസിനു പുറമെ ത്രീജിയെക്കാള്‍ പത്തുമടങ്ങ് വേഗതയുള്ള ഫോര്‍ജി എല്‍ടിഇ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ സംവിധാനങ്ങളുള്ള എക്സ്പ്ലൊറൈഡ് കാറിനുള്ളില്‍ സ്മാര്‍ട്ട് ഫോണിനു പകരമാകും. ഡ്രൈവിംഗിന്റെ ഓരോഘട്ടത്തിലും ശരിയായ ദിശപറഞ്ഞു കൊടുക്കുന്ന വോയിസ് ആക്ടിവേറ്റഡ് നാവിഗേഷന്‍ സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാഹനമോടുന്ന വഴി എക്സ്പ്ലോറൈഡിലെ ഡാഷ് ക്യാമറ റെക്കോര്‍ഡ് ചെയ്യുന്നതിനാല്‍ ഇന്‍ഷ്വറന്‍സ് പോലെയുള്ള ആവശ്യങ്ങള്‍ക്കും ഇതു സഹായിക്കും.കാലാവസ്ഥാ പ്രവചനത്തോടൊപ്പം ആപ്പിള്‍ മ്യൂസിക്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സംവിധാനങ്ങളോടെയാണ് ഉപകരണം വിപണിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: