പാലക്കാട്: വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തില്‍ വേദപ്രചാരകരെ വാര്‍ത്തെടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റ് ഋഷിറാം ആര്യോപദേശക് മഹാവിദ്യാലയത്തില്‍ 2015 ഡിസംബര്‍ മാസത്തില്‍ ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല ദീര്‍ഘകാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താംതരം പാസ്സായവരും വൈദിക വിഷയങ്ങളില്‍ അഭിരുചി ഉള്ളവരും ധര്‍മ്മപ്രചാരണത്തിന് പൂര്‍ണ്ണസമയം പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരുമായ തിരഞ്ഞെടുക്കപ്പെട്ട ഏതാനും ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. വൈദികസാഹിത്യം (വേദങ്ങള്‍, ദര്‍ശനങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍), അഷ്ടാദ്ധ്യായി വ്യാകരണം, നിരുക്തം, ഛന്ദഃശാസ്ത്രം, വേദാംഗ ജ്യോതിഷം, യോഗപ്രാണായാമം, ഷോഡശസംസ്കാരങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനം എന്നിവക്കു പുറമേ മതങ്ങളുടെ താരതമ്യ പഠനം , കമ്പ്യൂട്ടര്‍ പരിജ്ഞാനം, ശാസ്ത്രാര്‍ത്ഥം(മത സംവാദങ്ങള്‍) നടത്തുന്നതിനുള്ള പരിശീലനം, ആയോധനകലകള്‍ എന്നിവയും പാഠ്യവിഷയങ്ങളായിരിക്കും.
പ്രവേശന പരീക്ഷക്കും അഭിമുഖത്തിനും ശേഷം യോഗ്യരാണെന്ന് ബോദ്ധ്യപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളു. പഠനം, താമസം എന്നിവ സൗജന്യമായിരിക്കും. പഠനശേഷം ഇവര്‍ ധര്‍മ്മപ്രചാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന നിബന്ധനയുമുണ്ട്. ഗുരുകുലത്തിലെ വ്യാവഹാരിക ഭാഷ സംസ്കൃതമായിരിക്കും. ബ്രഹ്മചാരികള്‍ ഗുരുകുലത്തില്‍ തന്നെ താമസിച്ചു പഠിക്കണം. ഇടക്കാലത്ത് പുറത്ത് പോകാന്‍ അനുവാദമുണ്ടായിരിക്കില്ല. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രശസ്തിപത്രവും വൈദിക ബിരുദങ്ങളും നല്‍കും. വര്‍ണ്ണ വര്‍ഗ്ഗ ഭേദമന്യേ വേദജിജ്ഞാസുക്കളായ യോഗ്യരായ ആര്‍ക്കും പ്രവേശനത്തിന് അര്‍ഹത ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9562529095. 9446017440, 9417127923
പ്രതികരിക്കാൻ ഇവിടെ എഴുതുക: