പെരിന്തല്‍മണ്ണ: ഓരോ വോട്ടും വിധി നിര്‍ണ്ണയിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ പോലും നാട്ടിലെത്തിക്കാനാണ് സ്ഥാനാര്‍ത്ഥികളുടെ ശ്രമം. പ്രവാസി മലയാളികളില്‍ ഭൂരിപക്ഷവും ജില്ലയില്‍ നിന്നുള്ളവരാണ്. ഓരോ 10 വീടിന് കുറഞ്ഞത് ഒരു പ്രവാസി എന്നതാണ് ജില്ലയുടെ അവസ്ഥ. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമാണുള്ളത്. കാരണം സോഷ്യല്‍ മീഡിയ ഏറ്റവും അധികം സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നാണിത്. അതുകൊണ്ട് നാട്ടുകാരേക്കാള്‍ വേഗത്തില്‍ നാട്ടിലെ കാര്യങ്ങള്‍ പ്രവാസികള്‍ അറിയുന്നുണ്ട്. ചിലപ്പോള്‍ വിദേശത്ത് ഉള്ള സുഹൃത്തുക്കള്‍ പറഞ്ഞാകാം നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നാട്ടുകാര്‍ പോലും അറിയുന്നത്. അതുകൊണ്ട് തന്നെ നാട്ടിലെ പല കാര്യങ്ങളിലും അഭിപ്രായം രേഖപ്പെടുത്താന്‍ അവരും ആഗ്രഹിക്കുന്നുണ്ട് എന്നതാണ് വാസ്തവം. അതിനുള്ള ശക്തമായ മാര്‍ഗ്ഗമാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുകള്‍. എന്നാല്‍ എങ്ങനെയും കാലുപിടിച്ചു പ്രവാസികളെ നാട്ടിലെത്തിക്കാനാണ് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ശ്രമം. ഒരു പ്രവാസി നാട്ടിലെത്തിയാലുള്ള ആദ്യ ചോദ്യം, ”എന്നാണ് തിരികെ പോകുന്നത്?” എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ചോദ്യത്തിന്റെ രീതി തന്നെ മാറി, ”തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലേ പോകൂ” എന്നായി. തങ്ങളോടുള്ള നാട്ടുകാരുടെ സ്നേഹം കണ്ട് വീര്‍പ്പുമുട്ടുകയാണ് നാട്ടിലെത്തിയ പ്രവാസികള്‍. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഒരു പ്രവാസിയോട് ഇതിനെപറ്റി ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ, ”മുമ്പൊക്കെ അവരവരുടെ കഷ്ടതകളും ദുരിതങ്ങളും പറയാനായിരുന്നു പലര്‍ക്കും തിടുക്കം. എന്നാല്‍ ഇപ്പോള്‍ അറിയേണ്ടത് ഞങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും ഒക്കെയാണ്” എന്തായാലും അപ്രതീക്ഷിതമായി കിട്ടുന്ന ഈ ഇടപെടലുകളില്‍ പ്രവാസികളും തൃപ്തരാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നാട്ടിലേക്ക് വരാന്‍ തീരുമാനിച്ച പലരും തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് അവധി നേരത്തെയാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നാണ് വിവരം. മിക്കവാറും ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരെ ഉണ്ടാകും എന്നാണ് ചില രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം സാക്ഷാത്കരിക്കുകയാണ് ഇവിടെ. പക്ഷേ അതിന് പൊന്നും വിലയാണെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: