കല്‍പ്പറ്റ :തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കണമെന്ന് വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ നിര്‍ദേശം നല്കി. ഇത്തരം ചെലവു കുറഞ്ഞ പ്രചാരണ സാമഗ്രികള്‍ നിലവില്‍ ലഭ്യമാണ്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. എതിര് കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം നടത്തുന്ന വിധം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. വയനാടിന്റെ സവിശേഷമായ ഭൂപ്രകൃതിയായ കുന്നുകളിലും മലകളിലും മറ്റും തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പതിക്കരുത്.
പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള പ്രചാരണ സാമഗ്രികള്‍ നീക്കാന്‍ ഒക്ടോബര്‍ എട്ട് വരെ സമയം നല്‍കും. ഇതിന് ശേഷം അധികൃതര്‍ ഇവ നീക്കുന്നതും ഇതിന്റെ ചെലവ് തെരഞ്ഞെടുപ്പ് ചെലവില്‍ പെടുത്തുന്നതുമാണെന്ന് കലക്ടര്‍ അറിയിച്ചു.
ഇന്ന് (ഒക്ടോബര്‍ ഏഴ്) രാവിലെ 11 മണി മുതലാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുക. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പ്രവൃത്തി ദിവസങ്ങളില്‍ മാത്രമേ നടത്താന്‍ പറ്റൂ.
വാഹന പെര്‍മിറ്റ് ഓരോ സ്ഥാനാര്‍ഥിക്കുമായാണ് നല്‍കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ പെര്‍മിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റ ചട്ടം, തെരഞ്ഞെടുപ്പ് നടപടികള്‍ എന്നിവ വിശദീകരിക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എ. ഉണ്ണികൃഷ്ണന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: