വിളപ്പില്‍ശാല: പോലീസും നാട്ടുകാരും കൈകോര്‍ത്തതോടെ ലഹരിപ്പാറയെന്ന വിളിപ്പേരില്‍ നിന്ന് ശാസ്താംപാറയ്ക്ക് മോചനം. വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡിലെ ശാസ്താംപാറ ഗ്രാമീണ ടൂറിസം കേന്ദ്രത്തെയാണു പോലീസും നാട്ടുകാരും ചേര്‍ന്ന് ലഹരി മുക്തമാക്കിയത്. കഴിഞ്ഞ ഒരു മാസക്കാലമായി വിളപ്പില്‍ശാല പോലീസ് നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ നിരീക്ഷണങ്ങളുടെയും പെട്രോളിംഗിന്റെയും ഫലമായാണു ശാസ്താംപാറയില്‍ നിന്ന് ലഹരിമാഫിയ കുന്നിറങ്ങിയത്.
ശാസ്താംപാറയെ മദ്യപാനികളും കഞ്ചാവുലോബികളും കയ്യടക്കിയതോടെ സഞ്ചാരികള്‍ ഈ വിനോദസഞ്ചാര കേന്ദ്രത്തില്‍ വരാതെയായി. ഇവിടേക്കുള്ള റോഡുകള്‍ സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ പോലീസ് പെട്രോളിംഗ് വല്ലപ്പോഴും മാത്രമായി. ഇത് ലഹരി മാഫിയയ്ക്ക് അനുഗ്രഹമായി. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ശാസ്താംപാറയില്‍ സ്ഥിതിചെയ്യുന്ന ധര്മശാസ്താക്ഷേത്രത്തില് പോലും സാമൂഹ്യവിരുദ്ധരെയും ലഹരി മാഫിയകളെയും ഭയന്ന് ഭക്തര്‍ക്കുപോലും വരാന്‍ കഴിയാതെയായി. തുടര്‍ന്നാണ് 50 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ വികസിപ്പിച്ചെടുത്ത ശാസ്താംപാറയെ ലഹരി മുക്തമാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. ശാസ്താംപാറയുടെ പേരുദോഷം നീക്കി പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി അവര്‍ വിളപ്പില്‍ശാല എസ്ഐ ഹേമന്ത്കുമാറിനെ സമീപിച്ചു. അങ്ങനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ലഹരിക്കെതിരെ പോരാട്ടം ആരംഭിച്ചു. ഒരുമാസം നീണ്ടു നിന്ന ശക്തമായ പരിശ്രമങ്ങള്ക്കോടുവില് ശാസ്താംപാറയെ ലഹരിമുക്ത മേഖലയാക്കി മാറ്റുകയായിരുന്നു.
ദൂരസ്ഥലങ്ങളില്‍ നിന്ന് മദ്യസേവയ്ക്കും കഞ്ചാവു പുകയ്ക്കും ശാസ്താംപാറ ലക്ഷ്യമാക്കിയെത്തുന്നവരായിരുന്നു ആദ്യം പോലീസിന്റെ വലയില്‍ കുടുങ്ങിയത്. യുവാക്കളും സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളും അടക്കം നിരവധിപേര്‍ പോലീസ് പിടിയിലായി. പിടിക്കപ്പെട്ടവര്‍ക്കെല്ലാം ശിക്ഷയും കിട്ടി. കഞ്ചാവും മദ്യവും കച്ചവടം നടത്തിവന്നിരുന്ന ചെറുസംഘങ്ങളെ ശാസ്താംപാറയില്‍ നിന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് തുരത്തി. ദിവസേന ഒന്നും രണ്ടും തവണ പോലീസ് പെട്രോളിംഗ് കൂടി ശാസ്താംപാറയിലേക്ക് എത്താന്‍ തുടങ്ങിയതോടെ ഇവിടെ ലഹരി മാഫിയയ്ക്ക് പിടിച്ചുനില്ക്കാന് സാധിക്കാതെയായി.
ശാസ്താംപാറയിലെ സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യല്‍, വൈദ്യുത വിളക്കുകളും പാര്‍ക്കും തല്ലിതകര്‍ക്കല്‍ തുടങ്ങി അക്രമപരമ്പര തന്നെ അരങ്ങേറിയിട്ടുണ്ടിവിടെ. അതില്‍ നിന്നെല്ലാം ശാസ്താംപാറയെ രക്ഷിക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണു നാട്ടുകാരും പോലീസും. വരും ദിവസങ്ങളിലും സുരക്ഷ ശക്തമാക്കി സഞ്ചാരികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ ശാസ്താംപാറയില്‍ അവസരമൊരുക്കുമെന്ന് വിളപ്പില്‍ശാല എസ്ഐ ഹേമന്ത്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: