അടൂര്‍: കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി താഴത്ത് ചന്ത സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. 21 വര്‍ഷമായി ചന്തയുടെ പ്രവര്‍ത്തനം നിലച്ചിട്ട്. ഒരു കാലത്ത് പഞ്ചായത്തിന് കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന ചന്തകളില്‍ ഒന്നാണിത്. ഒരേക്കറോളം സ്ഥലമുണ്ടായിരുന്ന ചന്തയുടെ വിസ്തൃതി സ്വകാര്യ വ്യക്തികളുടെ കൈയേറ്റം മൂലം 50 സെന്റായി കുറഞ്ഞു. ചന്ത തിങ്കളും വ്യാഴവുമാണ് പ്രവര്‍ത്തിച്ചിരുന്നത്. മണ്ണടി, മുടിപ്പുര, ദേശക്കല്ലുംമൂട്, ദളവ ജങ്ഷന്, നിലമേല്‍, കൊല്ലം ജില്ലയിലെ കുളക്കട, തുറവൂര്‍, ഐവര്‍കാല എന്നിവിടങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും എത്തുമായിരുന്നു. ഒരു കാലത്ത് കാര്‍ഷിക ഉല്പന്നങ്ങളും കോഴിയും മത്സ്യവും വാങ്ങാന്‍ ദൂരപ്രദേശങ്ങളില്‍ നിന്നു വരെ ആളുകള്‍ മണ്ണടി താഴത്ത് ചന്തയില്‍ എത്തുമായിരുന്നു. ചന്തയിലെ പഞ്ചായത്ത് വക കെട്ടിടത്തിലാണ് തപാല്‍ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പമുള്ള മുറി ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. ചന്തയില്‍ സ്ഥാപിച്ച കുഴല്‍ കിണര്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. സന്ധ്യ മയങ്ങിയാല്‍ ചന്ത സാമൂഹികവിരുദ്ധരുടെ പിടിയിലമരും. കാടുകയറി പ്രവര്‍ത്തനമില്ലാത്ത ചന്തയില്‍ ചെയ്യാത്ത പുനരുദ്ധാരണത്തിന്റെ പേരില്‍ പറക്കോട് ബ്ലോക് പഞ്ചായത്ത് ലക്ഷങ്ങളുടെ അഴിമതി നടത്തിയത് വിവാദമായിരുന്നു. ചന്തയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മാറിമാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് ഭരണസമിതികള്‍ നടപ്പാക്കിയില്ല. ചന്ത പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഇനിയും ബന്ധപ്പെട്ടവര്‍ കെടുകാര്യസ്ഥത കാട്ടുകയാണെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞൈടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് നാട്ടുകാര്‍പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: