വടുവന്‍ചാല്‍ : ചോദ്യപേപ്പറിലുണ്ടായ അച്ചടിപിശകുമായി ബന്ധപ്പെട്ട് വടുവന്‍ചാല്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രധാനധ്യാപിക മോളി സെബാസ്റ്റ്യന്‍, മലയാള അധ്യാപകന് ഉണ്ണികൃഷ്ണന് എന്നിവരെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പിടിഎ, എസ്എംസി, എംപിടിഎ, എസ്പിജി, എസ്എംഡിസി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷിതാക്കള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. രണ്ട് അധ്യാപകരും നിയമാനുസൃത അവധിയില്‍ ഉള്ള ദിവസമാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവമുണ്ടായത്. ഇതില്‍ ഇവര്‍ക്ക് യാതൊരു പങ്കുമില്ല. അച്ചടിപിശക് വിദ്യാര്‍ത്ഥികളാകാം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ സ്കൂളില്‍ എത്തിയ സമയത്തുമാത്രമാണ് അധ്യാപകര്‍ വിവരമറിയുന്നത്. വിദ്യാഭ്യാസ വകുപ്പ് നല്കിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തുക മാത്രമാണ് അധ്യാപകര്‍ ചെയ്തത്. അച്ചടിച്ച സ്വകാര്യപ്രസ്സില്‍ നിന്നും ചോദ്യപേപ്പര്‍ ചോരാന്‍ ഇടയുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം.
മലയാളം പരീക്ഷ നടന്ന ദിവസം ഹിന്ദി ചോദ്യങ്ങള്‍ ഉള്‍പ്പെട്ട പ്രശ്നം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിറ്റേദിവസം ഉത്തരകടലാസിന്റെ മൂല്യനിര്‍ണ്ണയത്തിനായി കരുതിവെച്ച ചോദ്യപേപ്പറിലാണ് അധ്യാപകര്‍ അപാകത കണ്ടത്. ചോദ്യപേപ്പറുകള്‍ വിദ്യാര്‍ത്ഥികളുടെ കൈകളിലുണ്ട് എന്ന കാരണത്താല്‍തന്നെ ചോര്‍ന്നത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. പഠനനിലവാരം മോശമായിരുന്ന ഒരു വിദ്യാലയത്തെ എല്ലാനിലയിലും ഉന്നതിയില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഈ രണ്ട് അധ്യാപകരും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഈ അധ്യാപകര്‍ക്ക് പല പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍തന്നെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്പകുമെന്ന് ഇവര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഏഴിന് രാവിലെ 9.30മുതല്‍ വിദ്യാലയ കവാടത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തും. ഡിഡി ഓഫീസ് ഉപരോധം പോലുള്ള സമര പരിപാടികള്‍ പിന്നീട് ആലോചിക്കും.
പത്രസമ്മേളനത്തില്‍ അയൂബ് കടല്‍മാട്, ആണ്ടൂര്‍ ബാലകൃഷ്ണന്, ശോഭന വേണുഗോപാല്‍, സി.അരവിന്ദന്, സി.കെ.സുബഗന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: