തിരുവല്ല: ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡില്‍ നിന്നും ഇനി മദ്യംമാത്രമല്ല പച്ചക്കറിയും. വനിതാകര്‍ഷകരുടെ കൂട്ടായ്മയിലൂടെയാണ് വിഷരഹിതമായ പച്ചക്കറി വിപണനത്തിനെത്തുന്നത്. തരിശുഭൂമിയില്‍ നൂറുമേനി വിളയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവിടുത്തെ വനിതാകര്‍ഷകര്‍. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൈത്താങ്ങില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും കൃഷിവകുപ്പിന്റേയും സഹായത്തോടെ സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയുടെ തണലിലാണ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ പതിനഞ്ചോളം വരുന്ന വനിതാകര്‍ഷകര്‍ ഈ വിജയംകൈവരിച്ചത്. ട്രാവന്‍കൂര്‍ കെമിക്കല്‍സിന്റെ 40 ഏക്കര്‍ ഭൂമിയില്‍ നിന്നും ആദ്യഘട്ടമായി അഞ്ചേക്കര്‍ സ്ഥലത്താണ് ദീപ, വര്‍ഷ, സ്നേഹം എന്നീ മൂന്ന് സംഘങ്ങളിലെ 15 വനിതാ കര്‍ഷകര്‍ നൂറുമേനി വിളയിച്ചത്. പയര്‍, വഴുതന, ചീര, വെണ്ടക്ക, പച്ചമുളക്, വെളളരിക്ക, പടവലങ്ങ മുതലായ പച്ചക്കറികളാണ് പ്രധാന കൃഷി. പ്രാരംഭ ഘട്ടത്തില്‍ 18000 രുപയുടെ വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞതായി സംഘാഗംങ്ങള്‍ പറഞ്ഞു.
രാസവളങ്ങള്‍ക്ക് പകരം ചാണകവും, ഗോമൂത്രവും, വേപ്പിന് പിണ്ണാക്കും ഉപയോഗിച്ച് സ്വന്തമായി നിര്‍മിച്ച ജൈവവളവും പച്ചക്കറികളെ വിഷലിപ്തമാക്കുന്ന കീടനാശിനികള്‍ ഉപേക്ഷിച്ച് പുഴുക്കുത്തിന് ബാര്‍സോപ്പും,പുകയില മിശ്രിതവും, കാന്താരി-വെളുത്തുളളി എന്നിവയുടെ മിശ്രിതവുമാണ് ഇവര്‍ കൃഷിയിടത്തില്‍ ഉപയോഗിച്ചതെന്ന് ബ്ലോക്ക് പ്രസിഡന്റ് ഈപ്പന് കുര്യന് പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50 ഏക്കര്‍ തരിശ് നിലം ഏറ്റെടുത്ത് കൃഷി വ്യാപിപ്പിക്കുവാനും മല്‍സ്യ കൃഷിക്കായി രണ്ടേക്കര്‍ കുളം ഏറ്റെടുത്ത് ശുചീകരിക്കാനുമുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും പ്രസിഡന്റ് അറിയിച്ചു.
വിളവെടുപ്പിന്റെ ഉദ്ഘാടനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ: പി.ജെ കുര്യന് നിര്‍വഹിച്ചു.ആന്റോ ആന്റണി എം.പി, ബ്ലോക്ക് പ്രസിഡന്റ് ഈപ്പന് കുര്യന്, പ്രൊജക്ട് ഡയറക്ടര്‍ പി.ജി രാജന് ബാബു, കൃഷി വകുപ്പ് അസി.ഡയറക്ടര്‍ ഷേര്‍ളി ജോര്‍ജ്, പ്രഫ: സതീഷ് കൊച്ചുപറമ്പില്‍, വി.കെ മധു, രാജേഷ് ചാത്തങ്കരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: