പത്തനംതിട്ട: യാത്രക്കാര്‍ക്ക് നരകയാതനയൊരുക്കി നഗരത്തിലെ ബസ്സ്റ്റാന്റുകള്. നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റും അവിടെതന്നെ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയുടെ താല്‍ക്കാലിക ബസ്സ്റ്റാന്റും കുണ്ടുംകുഴിയും ചെളിക്കുളവുമായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. റോഡില്‍ നിന്നും ഇരു ബസ് സ്റ്റാന്റുകളിലും എത്തണമെങ്കില്‍ കൊതുമ്പുവള്ളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്ന് യാത്രക്കാര്‍ ആക്ഷേപം ഉന്നയിക്കുന്നു. വലിയ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ ചെളിവെള്ളത്തിലഭിഷേകം ചെയ്യാതെ ഒരാള്‍ക്കുപോലും സ്റ്റാന്റിനുള്ളില്‍ കയറാനാകുന്നില്ല. ബസ്സില്‍ കയറി സ്റ്റാന്റിലേക്ക് കടക്കാമെന്നുവെച്ചാല്‍ കുണ്ടിലും കുഴിയിലും കയറിയിറങ്ങിയുള്ള ബസ് യാത്ര നടുവൊടിക്കുമെന്നും യാത്രക്കാര്പറയുന്നു.
നിലവിലുള്ള കെഎസ്ആര്‍ടിസി സ്ന്റാന്റില്‍ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ് ബസ്സ് സര്‍വ്വീസുകള്‍ സ്വകാര്യ ബസ്സ് സ്ന്റാന്റിലെ വടക്കു ഭാഗത്തെ ടെര്മിനലിലേക്കു മാറ്റിയത്. തറ ഇളകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട ബസ്സ് യാര്‍ഡ് പുനരുദ്ധിച്ചു നല്‍കാമെന്നാണ് നഗരസഭ അറിയിച്ചിരുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഇവിടേക്കു മാറ്റി ഒരു മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവര്‍ കൈകൊണ്ടിട്ടില്ല. ഏതാനും ദിവസമായി മഴ തുടര്‍ന്നതോടെ കുഴികള്‍ തടാകങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കായി അനുവദിച്ചിട്ടുള്ള ഭാഗത്തെ സ്ഥല പരിമിതിയാണ് നേരിടുന്ന പ്രധാന പ്രശ്നം. ഒരേ സമയം പത്തു ബസ്സില്‍ കൂടുതല്‍ ഇവിടെ പാര്‍ക്കു ചെയ്യാന്‍ കഴിയില്ല. ബസ്സ് യാര്‍ഡിന്റെ അറ്റകുറ്റ പണികള്‍ നടത്തിയില്ലങ്കില്‍ ബസ്സുകള്‍ ഇവിടേക്കു പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണുണ്ടാവുക. ഇപ്പോള്‍ 80 ഷെഡ്യൂളുകളാണ് ഇവിടെ നിന്നും ഓപ്പറേറ്റു ചെയ്യുന്നത്. അസൗകര്യങ്ങളില്‍ ഞെരുങ്ങിയാണ് ജീവനക്കാരും ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ തട്ടിമുട്ടി ഡിപ്പോ പ്രവര്‍ത്തനം നടത്തികൊണ്ടു പോകാമെങ്കിലും ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതോടെ എന്തു സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആശങ്കയിലാണ് അധികൃതരും.
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും പമ്പയിലേക്കുള്ള ബസ്സുകള്‍കൂടി എത്തുമ്പോള്‍ സ്റ്റാന്റിനുള്ളിലെ പരിമിതികള്‍ വര്‍ദ്ധിക്കും. ഒരു മാസം പിന്നിട്ടാല്‍ മണ്ഡല മഹോത്സവത്തിന് തുടക്കമാകും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം നിരവധി ഭക്തരാണ് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്. തീര്‍ത്ഥാടകാലത്ത് നിലവിലുണ്ടായിരുന്ന ഡിപ്പോയിലെ സൗകര്യങ്ങള്‍ പോലും അപര്യാപ്തമായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ ശബരിമല പ്രത്യേക സര്‍വ്വീസുകള്‍ ഇവിടെ നിന്നും ഓപ്പറേറ്റു ചെയ്യുവാനും ബുദ്ധിമുട്ടാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രഖ്യപിച്ച സാഹചര്യത്തില്‍ ബസ്സ് സ്ന്റാന്റ് പുനരുദ്ധരിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കാന്‍ സാധ്യതയില്ല.
നഗരസഭയുടെ സ്വകാര്യ ബസ്റ്റാന്റിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന ഇവിടെ മഴപെയ്താല്‍ സ്റ്റാന്റിനുള്ളില്‍ നില്‍ക്കാനും കഴിയില്ലാത്ത സ്ഥിതിയാണ്. സ്റ്റാന്റിനുള്ളില്‍ പലയിടവും ചോര്‍ന്നൊലിക്കുന്നുണ്ട്.
പത്തനംതിട്ട ബസ് സ്റ്റാന്റില്‍ കുട്ടവഞ്ചിസവാരി ആരംഭിക്കാമെന്ന പരിഹാസം സോഷ്യല്‍ മീഡിയകളില്‍ മുഴങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: