ബത്തേരി : വിദ്യാര്‍ത്ഥികള്‍ ധാര്‍മിക ബലവും, ആത്മസൗന്ദര്യവും, അറിവിന്റെ ശക്തിയും കൈവരിക്കണമെന്ന് സ്വാമി ജയദീപ്തജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടത്തിയ ‘നാളേക്കൊരുമരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ സൂക്ഷിക്കുക എന്നത് നമ്മുടെ ജീവിത വ്രതമായിരിക്കണം. മാനവ സമൂഹത്തിന്റെ സ്വാര്‍ത്ഥതയും ധനാര്‍ത്തിയും ലോകവ്യാപകമായ പ്രകൃതി ചൂഷണങ്ങള്‍ക്ക് കാരണമാകുന്നു. ഇത് കൊടിയ വിപത്തിലേക്ക് നമ്മെ നയിക്കും. ഋതുഭേദങ്ങള്‍ക്ക് താളഭംഗം സംഭവിക്കും. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു. പ്രകൃതിയുടെ ബാലന്‍സ് തെറ്റിയാല്‍ ദുരന്തങ്ങളുടെ പരമ്പര തന്നെയുണ്ടാകും. പ്രകൃതിയുടെ സ്വസ്ഥത നശിപ്പിക്കാതെ, മണ്ണിനെ ദുഷിപ്പിക്കാതെ, വായുവിനെ ദുഷിപ്പിക്കാതെ, വെള്ളത്തെ മലിനമാക്കാതെ, എല്ലാം ശുദ്ധമായി സൂക്ഷിക്കാന്‍ നമുക്കാകണം. നമ്മുടെ മക്കള്‍ കാലിക സംസ്കാരങ്ങളുടെ വിഭ്രാന്തികളില്‍ അകപ്പെട്ടുഴലാതെ ലഹരിയുടെ മായിക പ്രപഞ്ചത്തില്‍ അടിമപ്പെടാതെ വീടിനും നാടിനും ലോകത്തിനും നന്മ ചെയ്യുന്നവരായി വളര്‍ന്നു വളരണം. ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയായ ഭാരതീയ പൈതൃകത്തെ കാത്തു സൂക്ഷിക്കാനും വരും തലമുറക്ക് കൈമാറാനും നമുക്കാകണമെന്ന് സ്വാമി അഭിപ്രായപ്പട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: