പന്തളം: കുടുംബശ്രീയെ അടുത്തറിയാന്‍ ദക്ഷിണാഫ്രിക്കന്‍ മന്ത്രിയും സംഘവും. കേരളത്തിലെ കുടുംബശ്രീയെ അടുത്തറിയാനും പഠിക്കാനുമായി ഫ്രീ സ്റ്റേറ്റ് പ്രൊവിന്‍സിലെ സാമൂഹ്യവികസന മന്ത്രി എസ്. എസ് ടോംബ്ളെയുടെ നേതൃത്വത്തിലെത്തിയ 14 അംഗ ഉദ്യോഗസ്ഥ സംഘമാണ് പത്തനംതിട്ടയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ സന്ദര്‍ശിച്ചത്. ഏനാദിമംഗലത്തെ നവം കുടുംബശ്രീ തയ്യല്‍ യൂണിറ്റിലാണ് സംഘം ആദ്യമെത്തിയത്. കൊല്ലത്തെ കുടുംബശ്രീ യൂണിറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ പത്തനംതിട്ടയിലെത്തിയത്. ഗാന്ധിിജിയുടെ ആദ്യ കാല പ്രവര്‍ത്തന മേഖലയായിരുന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സംഘം ഗാന്ധിിജയന്തി ദിനത്തില്‍ എത്തിയത് തികച്ചും യാദൃശ്ചികമായി. കേരളത്തിലെ കുടുംബശ്രീ മാതൃകയില്‍ ദക്ഷിണാഫ്രിക്ക സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ക്ക് രൂപം നല്‍കും. ഇതിനാവശ്യമായ സഹായവും പരിശീലനവും പത്തനംതിട്ട കുടുംബശ്രീ നല്‍കും.
ഒരു മാസത്തിനുള്ളില്‍ കുടുംബശ്രീയുമായി കരാര്‍ ഒപ്പുവയ്ക്കുമെന്ന് മന്ത്രി ടോംബ്ളെ പറഞ്ഞു. മറ്റൊരു പേരില്‍ കുടുംബശ്രീയെ ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ ഇത്തരം സ്വയം സഹായ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ യൂണിറ്റുകള്‍ വിജയകരമല്ല.
കേരള ശൈലിയിലുള്ള ചുരിദാറുകളും ചിത്രത്തുന്നലുകളും ദക്ഷിണാഫ്രിക്കന്‍ സംഘത്തിലെ സ്ത്രീകളെ ആകര്‍ഷിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷം പെരുമ്പുളിക്കല്‍ ആടു ഗ്രാമത്തിലെത്തി. ആടുകളെ കൈയിലെടുത്ത് താലോലിച്ചും വിശേഷങ്ങള്‍ പങ്കുവച്ചും അവര്‍ നാട്ടുകാരുമായി ഇഴുകിച്ചേര്‍ന്നു.തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. കേരളം മനോഹരമായ സ്ഥലമാണെന്ന് ദക്ഷിണാഫ്രിക്കന്‍ സംഘം പറഞ്ഞു. ഭക്ഷണവും ഉഗ്രന്‍. സഹിക്കാനാവാത്തത് കടുത്ത ചൂട് മാത്രം. കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ സാബിര്‍ ഹുസൈന്, അസി. കോഓര്‍ഡിനേറ്റര്‍ പി. എന്‍. സുരേഷ്, എന്‍.ആര്.ഒ ചീഫ് ലിബി ജോണ്സണ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു
ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ എത്യോപ്യയിലും കുടുംബശ്രീ മാതൃകയില്‍ സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. അവിടത്തെ സംഘങ്ങള്‍ക്ക് പരിശീലനം നല്കാന് പന്തളം തെക്കേക്കര സിഡിഎസ് ചെയര്‍പേഴ്സണ്‍ അമ്പിളിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഈ മാസം എത്യോപ്യയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: