തിരുവനന്തപുരം: സ്വന്തം കഴിവുകള്‍ പ്രയോജനപ്പെടുത്തി ഉപജീവനം നയിക്കാനാഗ്രഹിക്കുന്ന സാധാരണക്കാരന് കേന്ദ്ര ഗവണ്മെന്റിന്റെ മൈക്രോയൂണിറ്റ്സ് ക്രെഡിറ്റ്സ്ഡെവലപ്പ്മെന്റ്ആന്റ്റീഫിനാന്സ് ഏജന്‍സി (മുദ്ര) വായ്പകള്‍ കൈത്താങ്ങാണെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു.
കേന്ദ്ര ഗവണ്മെന്റിന്റെ മുദ്ര വായ്പാവിതരണത്തിന്റ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്ക്കും തൊഴില്‍ നല്കാന് ഗവണ്മെന്റിന് മാത്രം സാധിക്കില്ലെന്നും സ്വയംതൊഴില്‍ കണ്ടെത്താന്‍ യുവതലമുറ മുന്നോട്ടുവരണമെന്നും മാണി ആവശ്യപ്പെട്ടു. പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തിയുണ്ടെങ്കില്‍ സഹായവുമായി ഗവണ്മെന്റ് കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബാങ്കുകള്‍ വായ്പാ-നിക്ഷേപ അനുപാതം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റേറ്റ്ലെവല്‍ ബാങ്കേഴ്സ് കമ്മറ്റി (എസ്എല്‍ബിസി) കേരള കണ്‍വീനര്‍ എന്‍. ശിവശങ്കരന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ജനറല്‍ മാനേജര്‍ എം.കെ. ഭട്ടാചാര്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ സി.വി. വെങ്കടേഷ് എന്നിവരടക്കം ബാങ്കിംഗ് രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
യുവാക്കളില്‍ സംരംഭകത്വശീലം പ്രോത്സാഹിപ്പിക്കാനും സംരംഭങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍, എളുപ്പത്തില്‍ ബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാക്കാനും ഉദ്ദേശിച്ച് കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് മുദ്ര. കേരളത്തില്‍ ഇതുവരെ പദ്ധതിക്കുകീഴില്‍ 680 കോടിരൂപയുടെ വായ്പ അനുവദിച്ചു. 73,000 സംരംഭകരാണ് കേരളത്തില്‍ ഇതുവരെ പദ്ധതി പ്രയോജനപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: