വരുണന്റെ മകനായ
രത്‌നാകരന്‍, കൊടും
പാപങ്ങള്‍ ചെയ്തു ദിനംകഴിപ്പോന്‍
മുനിവാക്കു കേട്ടു മനം കലങ്ങി,
ചിതല്‍പ്പുറ്റുതകര്‍ത്തു പുറത്തുവന്നോന്‍….?
ഉത്തരം:- വാല്‍മീകി
വരുണപുത്രനായ രത്‌നാകരന്‍ ചെറുപ്പത്തില്‍ത്തന്നെ ദുഷ്ടന്മാരുടെ കൂട്ടത്തില്‍പ്പെട്ട് ഒരു കൊള്ളക്കാരനായി. കുടുംബം പുലര്‍ത്താന്‍വേണ്ടി വഴിയാത്രക്കാരെ കൊള്ളയടിച്ചു. ഒരിക്കല്‍ സപ്തര്‍ഷികളെ കൊള്ളയടിക്കാന്‍ മുതിര്‍ന്നപ്പോള്‍ അവര്‍ രത്‌നാകരനോടു ചോദിച്ചു.
”നീ എന്തിനുവേണ്ടിയാണ് ഈ പാപകര്‍മം ചെയ്യുന്നത്?”
കുടുംബം പുലര്‍ത്താന്‍ എന്നായിരുന്നു രത്‌നാകരന്റെ മറുപടി.
”ഈ പാപങ്ങളുടെ ഫലം നിന്റെ കുടുംബാംഗങ്ങള്‍ കൂടി അനുഭവിക്കുമോ?”
”അതു ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല.”
”എന്നാല്‍ ചോദിച്ചിട്ടു വരൂ.”
അപ്രതീക്ഷിതമായ ആ ചോദ്യത്തിന്റെ ഉത്തരം തേടി രത്‌നാകരന്‍ വീട്ടിലേക്കോടി.
”ഞാന്‍ ചെയ്യുന്ന പാപകര്‍മങ്ങളുടെ ഫലങ്ങള്‍ നിങ്ങള്‍കൂടി അനുഭവിക്കുമോ?”
”ഇല്ല. അവരവര്‍ ചെയ്യുന്ന പാപങ്ങളുടെ ഫലം അവരവര്‍ തന്നെ അനുഭവിക്കണം.”
ആ മറുപടി കേട്ട് മാനസാന്തരപ്പെട്ട രത്‌നാകരന്‍ തിരിച്ചുവന്ന് സപ്തര്‍ഷികളുടെ കാല്‍ക്കല്‍ വീണ് മാപ്പിരന്നു. അവര്‍ അവന് ബ്രഹ്മജ്ഞാനം ഉപദേശിച്ചുകൊടുത്തു.
രത്‌നാകരന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ തപസ്സിരുന്നു. കാലം ഏറെ കടന്നുപോയി. ചുറ്റും ചിതല്‍പ്പുറ്റുയര്‍ന്നതും വള്ളിപ്പടര്‍പ്പുകള്‍ വളര്‍ന്നതും അതില്‍ പക്ഷികള്‍ കൂടുകൂട്ടിയതുമൊന്നും അയാളറിഞ്ഞില്ല.
അനേകവര്‍ഷങ്ങള്‍ക്കുശേഷം സപ്തര്‍ഷികള്‍ ആ വഴി മടങ്ങിവന്നു. ചിതല്‍പ്പുറ്റുകള്‍ തകര്‍ത്തു രത്‌നാകരനെ പുറത്തെടുത്തു.
വാല്മീകം അഥവാ ചിതല്‍പ്പുറ്റില്‍നിന്ന് പുറത്തുവന്നതിനാല്‍ വാല്മീകി എന്ന് പേരു നല്‍കി..!
















