സമൂഹത്തിന് മുഴുവന്‍ പ്രചോദനം നല്‍കുവാന്‍ പര്യാപ്തമായ മഠങ്ങള്‍ സ്ഥാപിക്കുവാനാണ് ശങ്കരാചാര്യസ്വാമികള്‍ തീരുമാനിച്ചത്. അദ്ദേഹം സ്ഥാപിച്ച മഠങ്ങളിലൂടേയും പീഠങ്ങളിലൂടേയും ദേശത്തിന്റെ, ലോകത്തിന്റെ തന്നെ കര്‍ണദാരന്മാരായ വിദ്വാന്മാരും ജ്ഞാനികളും നിസ്വാര്‍ത്ഥരും അനാസക്തരുമായ പ്രവര്‍ത്തകരും രാഷ്‌ട്രത്തിന്റെ നാനാഭാഗങ്ങളിലുണ്ടായി. അങ്ങനെ ഒരു യഥാര്‍ത്ഥ സന്ന്യാസിയെ ഭൂമിയിലെ സര്‍വചരാചരങ്ങളും ബഹുമാനിക്കുമെന്ന് ശ്രീശങ്കരാചാര്യര്‍ സ്വജീവിതത്തിലൂടെ തെളിയിച്ചു. ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന സന്ന്യാസിമാരുടെ സാന്നിദ്ധ്യമില്ലെങ്കില്‍ സനാതനധര്‍മ്മത്തിന്റെ മഹത്വം നിലനില്ക്കുമായിരുന്നില്ല.
സര്‍വസംഗപരിത്യാഗികളും ബ്രഹ്മനിഷ്ഠരുമായ സന്ന്യാസിമാര്‍ അഞ്ചുപേര്‍ അധികമാണ്. അന്‍പതിനായിരം സാമൂഹിക സേവകന്മാരേക്കാള്‍ സമൂഹത്തിനും രാജ്യത്തിനും നന്മ ചെയ്ത് ശാന്തി പുലര്‍ത്താന്‍ അവരെക്കൊണ്ട് സാധിക്കും. ത്യാഗോജ്ജ്വലമായ സ്വജീവിതത്തിലൂടെ ശ്രീശങ്കരാചാര്യര്‍ ഈ വസ്തുത തെളിയിച്ചു. വേദജനനിയായ ഭാരതത്തിന്റെ ചതുര്‍ധാമങ്ങളില്‍ തന്റെ പ്രഥമശിഷ്യരില്‍ നാലുപേരെ മഠാധിപതികളാക്കി ജ്ഞാനനിഷ്ഠരും വിവേകവൈരാഗ്യ സമ്പന്നരുമായവരുടെ ഒരു പ്രസ്ഥാനത്തിന് രൂപംകൊടുത്തു. അതാണല്ലോ ‘ദശനാമി സമ്പ്രദായം’. വൈദികസമ്പ്രദായപ്രകാരമുള്ള ഹിന്ദുധര്‍മ്മത്തിലെ സന്ന്യാസി പരമ്പര ഈ ദശനാമി സമ്പ്രദായത്തെ ആശ്രയിച്ചിരിക്കുന്നു.
















