പാലക്കാട്: ജില്ലയിലെ അഞ്ചു റേഷന്‍ കടകളിലായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടരലക്ഷം രൂപയുടെ തിരിമറി കണ്ടെത്തി. ബി.പി.എല്‍, എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യം വിതരണം നടത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. കാര്‍ഡ് ഉടമക്ക് നല്കുന്നതിനേക്കാള് കൂടുതല്‍ അളവ് നല്‍കിയതായി റേഷന്‍കടകളിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയാണ് തിരിമറി നടത്തിയിരുന്നത്.
മണ്ണാര്‍ക്കാട് പുറ്റാനിക്കാട് മൊയ്തൂട്ടി നടത്തുന്ന എ.ആര്.ഡി-71 റേഷന്‍കടയില്‍ 5646 കിലോ അരിയും 616 കിലോ ഗോതമ്പും 212 കിലോ പഞ്ചസാരയും 285 ലിറ്റര്‍ മണ്ണെണ്ണയും 210 കിലോ ആട്ടയും കുറവുവന്നതായി കണ്ടെത്തി. മൊത്തം 2,10,445 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചിറ്റൂര്‍ പട്ടഞ്ചേരിയില്‍ കൃഷ്ണന്റെ എ.ആര്.ഡി-15 ല്‍ പത്തു കാര്‍ഡുകള്‍ പരിശോധിച്ചു. 665 കിലോ അരിയും 107 കിലോ ഗോതമ്പും തിരിമറി നടത്തിയതായി തെളിഞ്ഞു. 22,036 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പുതുശ്ശേരി രവീന്ദ്രന്റെ എ.ആര്.ഡി-93 ല്‍ 56 കാര്‍ഡുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. 166 കിലോ അരിയും 119 കിലോ ഗോതമ്പും 30 ലിറ്റര്‍ മണ്ണെണ്ണയും തിരിമറി നടത്തിയതായി കണ്ടെത്തി. 11,743 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വാളയാര്‍ ചന്ദ്രാപുരം റാഫിയുടെ എ.ആര്.ഡി-97 ല്‍ 159 കിലോ അരിയും 70 കിലോ ഗോതമ്പും തിരിമറി നടത്തിയതായി വ്യക്തമായി. ഇവിടെ ആറുകാര്ഡുകള് പരിശോധിച്ചു. മൊത്തം 7500 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വടക്കഞ്ചേരി കണക്കന്തുരുത്തി സ്വദേശി രാധാകൃഷ്ണന്റെ എ.ആര്.ഡി-90 റേഷന്‍കടയില്‍ 12 കാര്‍ഡുകള്‍ പരിശോധിച്ചു. 114 കിലോ അരി, 11 കിലോ ഗോതമ്പ് തിരിമറി നടത്തിയതായി തെളിഞ്ഞു. 7200 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി എം. സുകുമാരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: