പേരായിരം പ്രതിഭയായിരമിങ്ങവറ്റി
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം,
ഓരായ്‌കില്‍ നേരിതു കിനാവുണരുംവരെയ്‌ക്കും
നേരാ, മുണര്‍ന്നളവുണര്‍ന്നവനാമശേഷം
നേരല്ല ദൃശ്യമിതു, ദൃക്കിനെ നീക്കിനോക്കില്‍
വേറല്ല വിശ്വമറിവാം മരുവില്‍ പ്രവാഹം
കാര്യത്തില്‍ നില്പതിഹ കാരണസത്തയെന്ന്യേ
വേറല്ല വീചിയിലിരിപ്പതു വാരിയത്രേ
വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല
ഭൂതപ്രഘാതമിതുമോര്‍ക്കുകിലിപ്രകാരം
ബോധത്തില്‍ നിന്നു വിലസുന്നു മരുസ്ഥലത്തു
പാഥസ്സുപോലെ പരമാവധി ബോധമത്രേ
വൃത്തിസ്ഥമാമറിവില്‍ വിശ്വവുമില്ലിതിന്റെ
വിത്താമവിദ്യയതുമില്ല വിളക്കു വന്നാല്‍
അദ്ദിക്കിലെങ്ങുമിരുളില്ലുടനങ്ങു വര്‍ത്തി
വിട്ടാല്‍ വിളക്കു പൊലിയുന്നിരുളും വരുന്നു.
ആരായ്‌കിലീയുലകമില്ലിതവിദ്യ തത്ത്വ
മോരാതവര്‍ക്കിതുലകായ് വിലസും ഭ്രമത്താല്‍
ആരാല്‍ വിളക്കെരികിലില്ല പിശാചിതന്ധ
കാരം ഭയന്നവനിരുട്ടു പിശാചു പോലാം
ഉണ്ടില്ലയെന്നു മുറമാറിയസത്തുസത്തു
രണ്ടും പ്രതീത, മിതനാദിതമഃസ്വഭാവം
രണ്ടും തിരഞ്ഞിടുകിലില്ലയസത്തു രജ്ജു
ഖണ്ഡത്തിലില്ലുരഗ, മുള്ളതു രജ്ജു മാത്രം
അസ്ത്യസ്തിയെന്നു സകലോപരി നില്‍പതൊന്നേ
സത്യം സമസ്തവുമനിത്യമസത്യമാകും,
മൃത്തിന്‍ വികാരമതസത്യമിതിങ്കലൊക്കെ
വര്‍ത്തിപ്പതോര്‍ക്കിലൊരു മൃത്തിതു സത്യമത്രേ
അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു
മജ്ഞാതമല്ല, സുഖവും, വിലസുന്നു മൂന്നും;
രജ്ജുസ്വരൂപമഹിയോടുമിദന്തയാര്‍ന്നു
നില്‍ക്കുന്നതിന്നിഹ നിദര്‍ശനമാമിതോര്‍ത്താല്‍
(തുടരും)
















