കൊട്ടാരക്കരയിലെ തമ്പുരാന്‍ കേരള വര്‍മ്മയുടെ പിറന്നാളാഘോഷം അതിഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കം നടന്നുവരുന്നു. കലാരസികരായവര്‍ അക്കാലത്തും വളരെയേറെ ഉണ്ടായിരുന്നു. എന്തെങ്കിലും പുതുമ വേണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ലല്ലോ. അതിനാല്‍ സാമൂതിരിയുടെ കീഴില്‍ വളര്‍ന്ന കൃഷ്ണനാട്ടം കോവിലകത്ത് അവതരിപ്പിക്കുവാന്‍ വേണ്ടി ഒരു ദൂതനെ സാമൂതിരിയെ കാണാന്‍ അയച്ചു. തെക്കന്‍നാട്ടില്‍ കൃഷ്ണനാട്ടം അറിഞ്ഞാസ്വദിക്കുന്നവര്‍ ഇല്ല എന്നമട്ടില്‍ പുച്ഛത്തോടെ ദൂതനെ തിരിച്ചയച്ചു.
ആ വാശിയില്‍ വടക്കര്‍ക്ക് കൃഷ്ണനാട്ടമെങ്കില്‍ തെക്കര്‍ക്ക് രാമനാട്ടമാവട്ടേ എന്ന് കൊട്ടാരക്കര തമ്പുരാന്‍ നിശ്ചയിച്ചു. എട്ട് കഥകളാക്കി രാമായണം രാമനാട്ടത്തില്‍ അവതരിപ്പിച്ചു തുടങ്ങി. മണിപ്രവാളത്തിലായിരുന്നു രചന. ശ്ലോകവും പദ്യവും ഇടകലര്‍ത്തി ഇതില്‍ ഉപയോഗിച്ചു. കാലാന്തരത്തില്‍ രാമനാട്ടമാണ് കഥകളിയായി മാറിയത്.
കല്ലടിക്കോടന്‍, കപ്ലിങ്ങാടന്‍ എന്നീ നമ്പൂതിരിമാരാണ് പില്‍ക്കാലത്ത് കഥകളിയെ പരിഷ്‌കരിച്ചത്. കോട്ടയം തമ്പുരാന്‍, ഉണ്ണായിവാര്യര്‍, വയസ്‌കരമൂസ് തുടങ്ങിയവര്‍ എഴുതിയ കഥകള്‍ പ്രസിദ്ധങ്ങളാണ്.
വള്ളത്തോള്‍ നാരായണ മേനോനാണ് കേരള കലാമണ്ഡലം സ്ഥാപിച്ച് കഥകളിയേയും കലാകാരന്മാരെയും പില്‍ക്കാലത്ത് വളര്‍ത്തിയത്.
















