പകല്‍ക്കുറി വിശ്വന്‍
മഹര്‍ഷിമാരെയെവഹേളിക്കാന്‍
ഗര്‍ഭിണിവേഷം കെട്ടിയതാര്?
ശാപം പേറിപ്പെറ്റതുമെന്തത്?
തച്ചുതകര്‍ത്തൊരു വംശവുമേത്?
ഉത്തരം:- വേഷം കെട്ടിയത്-സാംബന്‍ പ്രസവിച്ചത്-ഇരുമ്പുലക്ക തകര്‍ത്തത്- യദുവംശം.
ശ്രീകൃഷ്ണന് ജാംബവതിയിലുണ്ടായ പുത്രനാണ് സാംബന്‍. ദുര്യോധനന്റെ പുത്രി ലക്ഷണയാണ് സാംബന്റെ ഭാര്യ.
ഒരിക്കല്‍ വിശ്വാമിത്രന്‍, കണ്വന്‍, നാരദന്‍ എന്നീ മുനിമാര്‍ ദ്വാരകയില്‍ ചെന്നപ്പോള്‍ കുറെ യാദവയുവാക്കള്‍ സാംബനെ ഒരു ഗര്‍ഭിണിയുടെ വേഷം കെട്ടിച്ച് മുനിമാരുടെ മുന്നില്‍ എത്തിച്ചിട്ട് ചോദിച്ചു.
”മാമുനിമാരെ ഈ ഗര്‍ഭിണി പ്രസവിക്കുന്ന കുട്ടി എന്തായിരിക്കും?”
പരിഹസിക്കുകയാണെന്ന് മനസ്സിലാക്കി, കുപിതരായ മുനിമാര്‍ ”ഈ ഗര്‍ഭിണി ഒരു ഇരുമ്പുലക്ക പ്രസവിക്കുമെന്നും ആ ഇരുമ്പുലക്ക യദുവംശത്തിന്റെ നാശത്തിന് കാരണമായിത്തീരുമെന്നും ശപിച്ചു. ശാപഫലത്താല്‍ അടുത്തദിവസം സാംബന്‍ ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു. യാദവര്‍ അതു രാകിപ്പൊടിച്ച് സമുദ്രത്തിലെറിഞ്ഞു. കടലിലെറിഞ്ഞ ഇരുമ്പുലക്കയുടെ പൊടി കരയിലടിഞ്ഞ് ഏരകപുല്ലുകളായി വളര്‍ന്നു. യാദവന്മാര്‍ മദ്യലഹരിയാല്‍ ഏരകപ്പുല്ലുകള്‍ പറിച്ചെടുത്ത് തമ്മിലടിച്ചു. പറിച്ചെടുത്ത ഏരകപ്പുല്ലുകളെല്ലാം ഇരുമ്പുലക്കകളായി മാറി. ഇരുമ്പുലക്കകള്‍കൊണ്ട് തമ്മിലടിച്ച് തലകീറി യദുവംശം ഒടുങ്ങി…!
















