വിളപ്പില്‍ശാല: ദീര്‍ഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ കുടിവെള്ളപദ്ധതി ഒരു നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കുടിനീരിനായി നെട്ടോട്ടമോടുന്ന മലപ്പനംകോട്ടുകാര്‍ക്ക് ജില്ലാപഞ്ചായത്ത് രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച ജലവിതരണ പൈപ്പുകള്‍ ഇനിയും നീരണിയാതെ ശേഷിക്കുന്നു. മഴക്കാലത്തു പോലും കിണറുകള്‍ വറ്റിവരണ്ടു കിടക്കുന്ന കാരോട് വാര്‍ഡിലെ മലപ്പനംകോട് പ്രദേശത്ത് 2013 ലാണ് ജില്ലാ പഞ്ചായത്ത് 29 ലക്ഷംരൂപ മുടക്കി കുടിവെള്ള പദ്ധതി ആരംഭിച്ചത്. 2014 ല്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു. മലപ്പനംകോട് ജംഗ്ഷനില്‍ സ്ഥാപിച്ച പബ്ലിക് ടാപ്പു തുറന്ന് സ്പീക്കര്‍ ജനങ്ങളോട് പറഞ്ഞു ഇതാണു കുടിവെള്ളമെന്ന്. അതിനു ശേഷം ഇന്നു വരെ മലപ്പനംകോട്ടുകാര്‍ ആ പൈപ്പു വഴി കുടിവെള്ളം വരുന്നത് കണ്ടിട്ടില്ല.
കാവിന്‍പുറം പ്ലാന്റില്‍ നിന്ന് പൈപ്പ് ലൈന്‍ നീട്ടിയാണ് മലപ്പനംകോട് കുടിവെള്ളപദ്ധതി ആരംഭിച്ചത്. പുറ്റുമ്മേല്‍കോണം, കുണ്ടാമൂഴി, മണ്ണാംകോണം, മലപ്പനംകോട് തുടങ്ങി നാലുകിലോമീറ്റര്‍ ദൂരം ജലവിതരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മൂന്ന് എംഎല്‍ഡി സംഭരണശേഷി മാത്രമുള്ള കാവിന്‍പുറം പ്ലാന്റില്‍ നിന്ന് മലപ്പനംകോട് ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുകയെന്നത് ഒരിക്കലും സാധിക്കില്ലെന്ന് വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധര്‍ നിര്‍മാണവേളയില്‍ തന്നെ പറഞ്ഞിരുന്നു. പൊതുവെ ഉയര്‍ന്ന പ്രദേശമാണു മലപ്പനംകോട്. കാവിന്‍പുറം പ്ലാന്റില്‍ നിന്നുള്ള ജലവിതരണ പൈപ്പുകള്‍ക്കെല്ലാം ഇരുപത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. മലപ്പനംകോട് കുന്നിന്മുകളിലേക്ക് വെള്ളം എത്തണമെങ്കില്‍ ശക്തമായ സമ്മര്‍ദത്തില്‍ ജലം പമ്പുചെയ്യണം. അങ്ങനെ പമ്പിംഗ് നടത്തിയാല്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ചു തുടങ്ങിയ മറ്റ് പൈപ്പുകള്‍ അമിതസമ്മര്‍ദത്താല്‍ പൊട്ടും. ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തിയാണു വാട്ടര്‍അതോറിറ്റി പദ്ധതിയോട് വിയോജിച്ചത്. എന്നാല്‍ കാരോട് വാര്‍ഡ് മെമ്പര്‍ സോദരനും ജില്ലാപഞ്ചായത്തംഗം എം.ആര്‍. ബൈജുവും ചേര്‍ന്ന് പൈപ്പ് ലൈന്‍ നീട്ടല്‍ നടപടിയുമായി മുന്നോട്ടു പോയി. ജനപ്രതിനിധികളുടെ വാശിക്കുമുന്നില്‍ ഒടുവില്‍ വാട്ടര്‍ അതോറിറ്റിക്ക് വഴങ്ങേണ്ടി വന്നു.
ഒരിക്കലും കുടിവെള്ളം നല്‍കാനാകില്ലെന്ന് ഉറപ്പുണ്ടായിട്ടും മലപ്പനംകോട്ടേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ഉദ്ഘാടന ദിവസം കാവിന്‍പുറം പ്ലാന്റില്‍ നിന്നുള്ള മുഴുവന്‍ പൈപ്പു ലൈനുകളും അടച്ച് ഒരു ദിവസത്തേക്ക് മലപ്പനംകോട് മേഖലയില്‍ വെള്ളമെത്തിച്ചു. ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് പൂട്ടിയ പൈപ്പ് പിന്നീട് ഒരിക്കലും തുറന്നില്ല. പ്രദേശത്ത് അമ്പതുമീറ്റര്‍ ഇടവിട്ട് പൊതുടാപ്പുകള്‍ സ്ഥാപിച്ചിരുന്നു. വെള്ളം കിട്ടാതായതോടെ നാട്ടുകാര്‍ ടാപ്പുകള്‍ മിക്കതും തകര്‍ത്തു.
മലപ്പനംകോട് ഭാഗത്ത് പല വീടുകളിലും വലിയ ടാങ്കുകളില്‍ വെള്ളം വിലകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. പാറകൂട്ടങ്ങള്‍ നിറഞ്ഞ ഇവിടങ്ങളില്‍ കിണര്‍ കുഴിക്കാന്‍ കഴിയില്ല. പ്രദേശത്ത് പൈപ്പ്‌ലൈനിനു പകരം ഒരു കുഴല്‍കിണര്‍ നിര്‍മിച്ചു നല്‍കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണു പഞ്ചായത്ത് അധികൃതര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: