മാനന്തവാടി: കുഞ്ഞോം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ നിര്‍ത്തിവെച്ച പ്ലസ്ടു ക്ലാസുകള്‍ ഇന്നു മുതല്‍(30മുതല്‍) പുനരാരംഭിക്കും.ആര്.എം.എസ്.എ പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ക്ലാസുകള്‍ ആരംഭിച്ചത്, അധ്യാപകരില്ലാത്തതിനെ തുടര്‍ന്ന് ക്ലാസുകള്‍ മുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ നടത്തിയ റോഡുപരോധ സമരത്തെ തുടര്‍ന്ന് മാനന്തവാടി സബ്ബ് കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് അധ്യാപകരെ സ്കൂളിലെത്തിക്കാനും ഇന്നുമുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കാനും രണ്ടാഴ്ചക്കകം അധ്യാപകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും തീരുമാനമായത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഹയര്‍സെക്കണ്ടറി തലത്തില്‍ 110 വിദ്യാര്‍ത്ഥികളാണുള്ളത്. ആകെയുണ്ടായിരുന്ന നാലു അധ്യാപകരും വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്കൂളില്‍ എത്താതായതോടെയാണ് തിങ്കളാഴ്ച മുതല്‍ സ്കൂള്‍ പ്രവര്‍ത്തനം നിലച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മുതല്‍ മാനന്തവാടി കുറ്റിയാടി റോഡില്‍ നിരവില്‍പ്പുഴയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും റോഡുപരോധിക്കുകയായിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരുന്നു സമരം. ഉച്ചക്ക് രണ്ടോടെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലത്തെത്തിയ മാനന്തവാടി സബ്ബ്കലക്ടര്‍ ശ്രീരാം സാംബശിവ റാവു വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുകയും ഇതേ തുടര്‍ന്ന് മൂന്നോടെ സമരം പിന്‍വലിക്കുകയുമായിരുന്നു. സ്കൂളില്‍ എത്താതിരുന്ന അധ്യാപകരുമായി ചര്‍ച്ച നടത്തിയ സബ്ബ് കലക്ടര്‍ രണ്ടാഴ്ചക്കകം വേതനം നല്കാന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്കി. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്നും സബ്ബ കലക്ടര്‍ ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: