ഒരുവന്റെ ഉള്ളില്‍ സദ്‌വാസനകളും ദുര്‍വാസനകളും ഉണ്ട്. സദ് വാസനകള്‍ ഉള്ളവന്റെ കര്‍മ്മങ്ങളില്‍ അത് വ്യക്തമായിക്കാണാം. അതുപോലെതന്നയാണ് ദുര്‍വാസനയുള്ളവന്റെ കര്‍മ്മങ്ങളും. സദ് വാസനക്കാര്‍ എന്തെങ്കിലും അധര്‍മ്മത്തിനുമുതിര്‍ന്നാല്‍ നല്ലവാസനകള്‍ അതില്‍നിന്നും പിന്തിരിപ്പിയ്‌ക്കും. വാസനകള്‍ക്കുപ്രേരിതനായി മനുഷ്യന്‍ ഒരുയന്ത്രം പോലെ പ്രവര്‍ത്തിയ്‌ക്കുന്നു.
മനസ്സ് , ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയെ ജയിച്ചവന്‍ വാസനകളില്‍നിന്നും മുക്തനായിത്തീരും. വാസനകള്‍ ദേഹവാസന, ലോകവാസന, ശാസ്ത്രവാസന, എന്നിങ്ങനെ മൂന്നുവിധമുണ്ട്.
ഞാന്‍ ദേഹമാണെന്നചിന്തയാണ് ദേഹവാസന. ദേഹവാസനയുള്ളവന് സച്ചിദാനന്ദത്തെ മനസ്സിലാക്കാന്‍ കഴിയില്ല. ജ്ഞാനിയും ബ്രഹ്മനിഷ്ഠനുമായ ഗുരുവില്‍നിന്നും ദീക്ഷസ്വീകരിച്ച് ഞാന്‍ ആത്മാവാണെന്നബോധം ഉള്ളില്‍ഉറപ്പിയ്‌ക്കുക. ഞാന്‍ എന്നഭാവത്തോടെ എല്ലാവരും എനിയ്‌ക്ക് അധീനരാണെന്നചിന്തയാണ് ലോകവാസന.
ദേഹവാസനയും ലോകവാസനയും പരസ്പരം ബന്ധപ്പെട്ടിരിയ്‌ക്കുന്നു. വേദാന്തശാസ്ത്രം അറിഞ്ഞ് ഞാന്‍ ബ്രഹ്മമാണെന്നബോധം ഉണ്ടാക്കുന്നവന് ഈരണ്ട് വാസനകളും ഇല്ലാതാകുന്നു. വേദശാസ്ത്രങ്ങള്‍ പഠിച്ചാലും ബ്രഹ്മാനുഭൂതി ലഭിക്കാത്തവര്‍ക്ക് ശാസ്ത്രവാസന നിലനില്‍ക്കും. ശാസ്ത്രവാസന സായത്തമാക്കുന്തോറും മറ്റ് വാസനകള്‍ക്ഷയിച്ച്തീരും. ഈമൂന്നുവാസനകളും പൂര്‍ണ്ണമായും ഇല്ലാതാകുന്നതോടെയാണ് ജീവന്‍മുക്തനാകുന്നത്.
















