കണ്ണൂര്‍ നഗരത്തില്‍ ഇനി സ്ത്രീകള്‍ എപ്പോഴും സുരക്ഷിതരാണ്. ഒരു വിരല്‍തുമ്പിലുണ്ട് അവരുടെ സുരക്ഷ. രാജ്യത്തെ നഗരങ്ങളില്‍ ആദ്യമായി സ്ത്രീ സുരക്ഷാ ക്യാമറാ സിസ്റ്റം കണ്ണൂരില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സില്‍ വിദഗ്ധനായ കൂത്തുപറമ്പ് സ്വദേശി പ്രദീപാണ് ക്യാമറാ സിസ്റ്റം വികസിപ്പിച്ചെടുത്തത്. രാത്രിയായാലും പകലായാലും നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളുണ്ടായാല്‍ പോലീസിന്റെ സഹായം ഉടന്‍ ലഭ്യമാക്കാന്‍ സ്ത്രീ സുരക്ഷാ ക്യാമറ സിസ്റ്റം കൊണ്ട് സാധിക്കും. കണ്ണൂര്‍ നഗരത്തില്‍ ബസ്റ്റാന്റിലാണ് പരീക്ഷണാര്‍ത്ഥം ഇപ്പോള്‍ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഏതൊരു സ്ത്രീക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് ക്യാമറാ സംവിധാനം ഒരുക്കിയിരിക്കുന്നത്. ക്യാമറക്ക് താഴെ സ്ഥാപിച്ചിരിക്കുന്ന ചുവന്ന ബട്ടണില്‍ വിരലമര്‍ത്തിയാല്‍ മതി ട്രാഫിക് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയ ക്യാമറ ഓണാകാന്‍. ക്യാമറയോട് ചേര്‍ന്ന് ഒരു സ്പീക്കറും സ്ഥാപിച്ചിട്ടുണ്ട്.
സഹായം അഭ്യര്‍ത്ഥിക്കുന്ന സ്ത്രീയോട് നേരിട്ട് സംസാരിക്കാനും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവര്‍ എവിടെയാണെന്ന് കാണാനും പോലീസിന് സാധിക്കും. ക്യാമറ ഉള്ളതിനാല്‍ സ്ത്രീകളെ ആരെങ്കിലും ഉപദ്രവിക്കുകയാണെങ്കില്‍ പ്രതികളെ തിരിച്ചറിയാനും എളുപ്പമാണ്. നഗരത്തില്‍ അസമയത്ത് ഒറ്റപ്പെട്ട് പോകുന്ന സ്ത്രീകള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. സ്ത്രീകള്‍ സഹായം അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ മിനുട്ടുകള്‍ക്കകം നിയമപാലകര്‍ക്ക് സ്ഥലത്തെത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. പരീക്ഷണാര്‍ത്ഥം സ്ഥാപിച്ച പുതിയ സംവിധാനം വിജയപ്രദമായാല്‍ കൂടുതല്‍ സ്ഥലത്ത് വ്യാപിപ്പിക്കും. രഹസ്യ ക്യാമറകള്‍ ഉള്‍പ്പടെ 50 പുതിയ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ക്യാമറകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു നിശ്ചിത കേന്ദ്രത്തിലിരുന്നുകൊണ്ട് നഗരത്തിലെ മുഴുവന്‍ ചലനങ്ങളും നിയമപാലകര്‍ക്ക് ഇതുവഴി കാണാന്‍ സാധിക്കും.
ദല്‍ഹിയില്‍ ‘നിര്‍ഭയ’ എന്ന പെണ്‍കുട്ടി ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ടപ്പോഴാണ് സ്ത്രീസുരക്ഷയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത പ്രദീപിന്റെ മനസ്സില്‍ ഉടലെടുത്തത്. ഇനിയൊരു ‘നിര്‍ഭയ’ സമൂഹ മനഃസാക്ഷിക്ക് മുന്നില്‍ വരാതെ, അവര്‍ സദാസമയവും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന മനോഭാവം അക്രമികള്ക്കുണ്ടാകണമെന്നും അദ്ദേഹം ചിന്തിച്ചു. സ്ത്രീകള്‍ സുരക്ഷിതരാകുന്നതോടൊപ്പം പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനും സാധിക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തതിന് പിന്നില്‍. ഇലക്ട്രോണിക്സില് ഡിപ്ലോമ നേടിയ ഭാര്യ ബീനയാണ് പ്രദീപിന് എല്ലാ പിന്തുണയും നല്‍കുന്നത്. എല്ലാ കാര്യങ്ങളും ഇരുവരും ചേര്‍ന്ന് ചര്‍ച്ചചെയ്താണ് വികസിപ്പിച്ചെടുത്തത്.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങള്‍ പ്രദീപിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. തിരക്കേറിയ ബസ്സുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമമുണ്ടായാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഷോക്കുള്ള പേന പ്രദീപ് വികസിപ്പിച്ചെടുത്തിരുന്നു. ശത്രുവിന്റെ ശരീരത്തില്‍ സ്പര്‍ശിച്ച് ബട്ടണമര്‍ത്തിയാല്‍ മതി ഏത് ശത്രുവും പിന്‍വലിയും. നേരിയ തോതിലുള്ള ഷോക്കുണ്ടാവുന്ന ഈ പേനയാണ് പിന്നീട് പോലീസ് സേന വികസിപ്പിച്ചെടുത്ത ഷോക്ക് ബാറ്റണ്‍. എന്നാല്‍ വിവാദമായതിനെ തുടര്‍ന്ന് ഷോക്ക് ബാറ്റണ്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു.
തിരക്കേറിയ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന സ്റ്റണ്‍ ഗണ്ണും ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ഒരു ഭാഗം ടോര്‍ച്ചായി ഉപയോഗിക്കാവുന്നതാണെങ്കില്‍ മറുഭാഗം മാരക പ്രഹരശേഷിയുള്ള ഷോക്കിങ് യന്ത്രമാണ്. ഇടിമിന്നല്‍ പോലെയുള്ള ഷോക്കേറ്റാല്‍ പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മാത്രമേ അക്രമിക്ക് ബോധം തിരികെ വരികയുള്ളു. മണിക്കൂറുകളോളം ശത്രുവിന്റെ കാഴ്ച നശിപ്പിക്കുന്ന പെപ്പര്‍ സ്പ്രേ മെഷിന് കൊണ്ട് ഒന്നര മീറ്റര്‍ അകലെയുള്ള ശത്രുവിനെ പോലും നേരിടാന്‍ സാധിക്കുന്നതാണ്. ഇതിന്റെ ബട്ടണില്‍ ഒന്ന് അമര്‍ത്തിയാല്‍ മതി കുരുമുളകിന്റെ വീര്യമുള്ള ശക്തിയേറിയ വാതകം പുറത്തേക്ക് വരും. പിന്നീട് ശത്രുവിന് കാഴ്ച തിരികെ ലഭിക്കാന്‍ മണിക്കൂറുകള്‍ കഴിയണം.
ഗാര്‍ഹിക സുരക്ഷക്ക് വേണ്ടി നിര്‍മിച്ച ഇലക്ട്രോണിക് ഡോഗ് ഏറെ ശ്രദ്ധേയമായ ഒരു കണ്ടുപിടുത്തമാണ്. ഈ സംവിധാനമുള്ള വീടിന്റെ പതിനഞ്ച് മീറ്റര്‍ പരിസരത്ത് അപരിചിതര്‍ ആരെങ്കിലും പ്രവേശിച്ചാല്‍ ഉടന്‍ തന്നെ ഇലക്ട്രോണിക് ഡോഗ് കുരച്ച് തുടങ്ങും. കുരയ്ക്കുന്നത് നായയാണെന്ന് കരുതി മോഷ്ടാക്കളാണെങ്കില്‍ സ്ഥലം വിടുകയും ചെയ്യും. നായയെ ഒന്ന് വരുതിയിലാക്കാമെന്ന് കരുതിയാല്‍ അതും സാധിക്കില്ല. മാത്രമല്ല അപരിചിതന്റെ ഫോട്ടോ ക്യാമറയില്‍ പതിയുന്നതോടൊപ്പം തന്നെ എവിടെയായിരുന്നാലും ഗൃഹനാഥന്റെ മൊബൈലില്‍ കൃത്യമായ സന്ദേശമെത്തുകയും ചെയ്യും.
സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന അക്രമങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, കുറ്റകൃത്യങ്ങള്‍, മോഷണം ഇവയ്ക്കെല്ലാമെതിരെ ശാസ്ത്ര രംഗത്തെ വളര്‍ച്ചയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന നിരന്തരമായ പരീക്ഷണങ്ങളാണ് പ്രദീപ് നടത്തുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീ സുരക്ഷക്കായുള്ള വേറിട്ട വഴിയിലൂടെയുള്ള യാത്രയിലാണ് പ്രദീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: