പ്രണയത്തിന്റെ കുതിപ്പിലും കിതയ്ക്കാത്ത വീര്യവുമായി കായിക മത്സരങ്ങളിലെ നിറ സാന്നിദ്ധ്യമായി മാറുകയാണ് വാസന്തിയെന്ന 66 കാരി. മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലെ കായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയാണ് വാസന്തിയുടെ കുതിപ്പ്. ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്ത് മൂന്നാം വാര്‍ഡ് തെക്കേവെളിയില്‍ വിജയന്റെ ഭാര്യയാണ് കേരളത്തിന്റെ അഭിമാനമായ ഈ താരം. വളരെ ചെറുപ്പത്തില്‍ തുടങ്ങിയ കായിക സപര്യ ഇന്നും കൈവിടാതെ കാക്കുകയാണ് വാസന്തി. ഭര്‍ത്താവിന്റെയും മക്കളുടെയും അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോള്‍ ഇവരുടെ നേട്ടങ്ങള്‍ക്ക് ശോഭയേറെ.
കോട്ടയം കല്ലറ സ്വദേശിനിയായ വാസന്തി സ്കൂള്‍ വിദ്യാഭ്യാസകാലം മുതല്ക്കേ കായികരംഗത്ത് സജീവമായിരുന്നു. 1969 ല്‍ വിജയന്റെ ഭാര്യയായി വാരനാട് എന്ന കൊച്ചുഗ്രാമത്തിലേക്ക് വരുമ്പോള്‍ ഏതൊരു പെണ്ണിനേയും പോലെ കുടുംബമെന്ന സ്വപ്നം മാത്രമേ വാസന്തിയുടെ മനസിലുണ്ടായിരുന്നുള്ളു. ഇതിനിടയില്‍ മൂന്ന് കുട്ടികളുടെ അമ്മയുമായി. മാക്ഡവല്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചതോടെ തലവര തന്നെ മാറുകയായിരുന്നു. മെയ്ദിന കായികമേളയില്‍ പതിവായി കമ്പനിയെ പ്രതിനിധീകരിച്ച് മത്സരിച്ച ഇനങ്ങളിലെല്ലാം സമ്മാനങ്ങള്‍ നേടിയതോടെ ഇവര്‍ നാട്ടിലെ താരമായി. പക്ഷേ കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് ഗര്‍ഭപാത്രം എടുത്തുകളയേണ്ടി വന്നതോടെ വാസന്തിയുടെ കായിക സ്വപ്നങ്ങള്‍ക്ക് തിരശീല വീണു. എങ്കിലും തോറ്റുകൊടുക്കുവാന്‍ വാസന്തി തയ്യാറല്ലായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള വ്യായാമത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും ഒരിടവേളയ്ക്കുശേഷം മാസ്റ്റേഴ്സ് മീറ്റിലെ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമായി വാസന്തി മാറി.
കഴിഞ്ഞ 24 വര്‍ഷമായി മത്സര രംഗത്ത് സജീവമാണിവര്‍. എന്നും പുലര്‍ച്ചെ നാല് മണിക്കു തുടങ്ങുന്ന പരിശീലത്തിന് കൂട്ട് ഭര്‍ത്താവ് വിജയന് തന്നെ. മുടങ്ങാതെയുളള പരിശീലനം തന്നെയാണ് ഈ പ്രായത്തിലും വാസന്തിക്ക് തുണയാകുന്നത്. ദീര്‍ഘദൂര ഓട്ടമല്സരങ്ങളിലൂടെ ശ്രദ്ധേയയായ വാസന്തി 2005 ല്‍ ചെന്നൈയില്‍ മാസ്റ്റേഴ്സ് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്‍ഡ്യ സംഘടിപ്പിച്ച ദേശീയമീറ്റില്‍ ഹാഫ് മാരത്തണ്‍, 10000, 5000, 1500 മീറ്റര്‍ ഓട്ട മല്‍സരങ്ങളില്‍ സ്വര്‍ണം നേടി. പ്രായമേറിയപ്പോള്‍ വെറ്ററന്‍സ് മീറ്റിന്റെ നിയമങ്ങള്‍ അനുസരിച്ച് ദീര്‍ഘദൂര ഓട്ടം ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ നടത്ത മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ഗോവയില്‍ നടന്ന ദേശീയ മീറ്റില്‍ അഞ്ച് കിലോമീറ്റര്‍ നടത്തത്തിന് ഒന്നാം സ്ഥാനവും, 5000, 1500 മീറ്റര്‍ ഓട്ടത്തിന് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
കൂടാതെ റിലേ മല്‍സരങ്ങളിലും വിജയം നേടി. 2005 ല്‍ പാരീസില്‍ നടന്ന ലോകമേളയില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടിയെങ്കിലും ഭാരിച്ച പണച്ചെലവ് വാസന്തിയ്ക്കപ്പോള് വിലങ്ങുതടിയായി. പലപ്പോഴും ലോകമീറ്റിലും ഏഷ്യന്‍ മീറ്റിലും മത്സരിക്കുവാന്‍ അവസരം ലഭിച്ചെങ്കിലും പണച്ചെലവ് തടസമാകുന്നതോടെ മത്സരങ്ങള്‍ ഉപേക്ഷിക്കും. വാര്‍ദ്ധക്യത്തിലും ട്രാക്കില്‍ കുതിക്കുന്ന കായിക താരത്തെക്കുറിച്ച് വാര്‍ത്ത വന്നതോടെ സഹായഹസ്തവുമായി പല കായികപ്രേമികളും രംഗത്തെത്തിയിട്ടുണ്ട്.
സുമനസുകളുടെ സഹായത്തോടെ അടുത്ത വര്‍ഷം സിംഗപ്പൂരില്‍ നടക്കുന്ന മാസ്റ്റേഴ്സ് ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കുവാന്‍ കഴിയുമെന്നാണ് വാസന്തിയുടെ പ്രതീക്ഷ. പിടിച്ചുയര്‍ത്തുവാന്‍ കരങ്ങളുണ്ടായാല് കായികകേരളത്തിന്റെ ചരിത്രത്താളുകളിലേക്ക് വാസന്തിയുടെ പേരുകൂടി എഴുതിച്ചേര്‍ക്കപ്പെടും എന്നതില്‍ സംശയമില്ല. പ്രായമേറുമ്പോഴും കൈവിടാതെ സൂക്ഷിക്കുന്ന ഈ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കായികപ്രേമികള്‍ കാണാതെ പോകില്ലെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: