ആയിരം പൂര്‍ണ ചന്ദ്രന്മാരെയും കണ്ട് നൂറിന്റെ നിറവില്‍ എത്തിനില്‍ക്കുകയാണ് ഒരു ഗ്രാമത്തിന്റെ മുഴുവന്‍ അമ്മയായ വള്ളിയമ്മാള്‍. ശാസ്താംകോട്ട മനക്കര ആശാരിയഴിക്കത്ത് പടിഞ്ഞാറ്റേതില്‍ വള്ളിയമ്മാള്‍ കര്‍മം കൊണ്ട് ഒരു ഗ്രാമത്തിന്റെ മുഴുവന്‍ അമ്മയാണ്. പ്രസവ ശുശ്രൂഷ രംഗത്ത് അല്പതിലേറെ വര്‍ഷത്തെ പാരമ്പര്യമാണ് ഈ അമ്മയ്ക്കുള്ളത്.
ജീവിതത്തിലേക്ക് ഈ അമ്മയുടെ കൈകളിലൂടെ എത്തിയത് ആയിരത്തില്‍പ്പരം കുഞ്ഞുങ്ങള്‍. മൈനാഗപ്പള്ളി സ്വദേശിയായ വള്ളിയമ്മാള്‍ ചിപ്പയ്യനാചാരിയുമായുള്ള വിവാഹ ശേഷമാണ് മനക്കരയില്‍ എത്തിയത്. പത്ത് മക്കള്‍ക്ക് ജന്മം നല്കി. അതിന്റെ അനുഭവസമ്പത്തുമായാണ് നാല്പതാം വയസ്സില്‍ അമ്മാള്‍ വയറ്റാട്ടിയുടെ കുപ്പായമണിയുന്നത്. രാവും പകലുമില്ലാതെ ഓരോ പുതു ജീവനുകള്‍ക്ക് പ്രകാശമേകാനായി അമ്മാള്‍ ഓടി നടന്നു.
ഈ രംഗത്തെ അമ്മാളിന്റെ കഴിവും അനുഭവ സമ്പത്തും കണക്കിലെടുത്ത് അറുപുറം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവശുശ്രൂഷക്കായി അമ്മാളിനെ നിയമിക്കാന്‍ അധികൃതര്‍ ശ്രമിച്ചുവെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പോയില്ല. അന്ന് പോയിരുന്നെങ്കില്‍ അമ്മാളിന് ഒരുപക്ഷേ ഒരു ഗ്രാമത്തിന്റെ അമ്മയാകാന്‍ സാധിക്കുമായിരുന്നില്ല.
വാഹനങ്ങളും വൈദ്യുതിയും ഇല്ലാതിരുന്ന കാലത്ത് ഓരോ കുരുന്ന് ജീവനും രക്ഷിക്കാനായി ചൂട്ട് വെളിച്ചത്തില്‍ നടന്ന് തള്ളിയത് എത്രയോ കാതങ്ങള്‍. അമ്മാളിന്റെ മനസ്സില്‍ ആ പഴയ ഓര്‍മകള്‍ അലയടിക്കുമ്പോള്‍ കണ്ണുകളില്‍ സന്തോഷവും നിര്‍വൃതിയും തെളിയും. 95-ാം വയസ്സുവരെ അമ്മാള്‍ ഈ മേഖലയില്‍ സജീവമായിരുന്നു. എന്നാല്‍ പ്രസവ ശുശ്രൂഷ പരിചരണത്തെക്കുറിച്ചും നാടന്‍ പച്ചമരുന്ന് കൂട്ടുകളെക്കുറിച്ചും മറ്റുള്ളവര്‍ക്ക് അറിവ് പകര്ന്നുനല്കാന് പ്രായത്തിന്റെ അവശതകള്‍ അമ്മാളിന് ഇന്നും തടസ്സം സൃഷ്ടിക്കാറില്ല. ആധുനിക വൈദ്യശാസ്ത്രം ഇത്രകണ്ട് പുരോഗമിച്ചിട്ടും ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും പ്രസവാനന്തര ശുശ്രൂഷക്ക് നാട്ടുരീതിയാണ് അനുവര്‍ത്തിക്കുന്നത്.
അമ്മയുടേയും കുഞ്ഞിന്റേയും പരിചരണത്തിന് പ്രത്യേക ചിട്ടവട്ടങ്ങള്‍ തന്നെയുണ്ട്. ആ രീതികള്‍ മനസ്സിലാക്കുന്നതിനായി ഇന്നും നിരവധിപേര്‍ വള്ളിയമ്മാളിനെ തേടിയെത്തുന്നുണ്ട്. അവര്‍ക്കായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ വള്ളിയമ്മാള്‍ ഇന്നും ഒരു വയറ്റാട്ടിയായി മാറും.
അഞ്ച് മക്കളും 20 കൊച്ചുമക്കളും 26 ചെറുമക്കളും അടങ്ങിയ ഒരു വലിയ കുടുംബത്തിന്റെ ഗൃഹനാഥകൂടിയാണ് വള്ളിയമ്മാള്‍. നാടിനുവേണ്ടിഇത്രയൊക്കെ സേവനം ചെയ്തിട്ടും അവഗണനയാണ് ഫലം. വാര്‍ധക്യ പെന്‍ഷനായി അമ്മാള്‍ അടുത്തകാലം വരെ കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. അവിടെയെല്ലാം അധികൃതരുടെ അവഗണനമാത്രമാണ് കാണാന്‍ കഴിഞ്ഞത്.
മനസും ശരീരവും തളര്‍ന്ന അമ്മാള്‍ ഇതിനായുള്ള ശ്രമം ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ആയുസിന്റെ നല്ലൊരു പങ്ക് ചികിത്സാ രംഗത്തിനായി സമര്‍പ്പിച്ച വള്ളിയമ്മാളിന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അതിലൂടെ ഒരു നാടിന്റെ മുഴുവന്‍ അമ്മയാകാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തി മാത്രമാണ് ഇന്നുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: