ആലപ്പുഴ: സിനിമാ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വൈഡ് റിലീസിങ് അനിവാര്യമാണെന്ന് കെഎസ്എഫ്ഡിസി ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. 1640 തീയേറ്ററുകളാണ് നേരത്തെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇന്നിത് 460 ആയി കുറഞ്ഞു. 2008ല്‍ വൈഡ് റിലീസിങ് തത്വത്തില്‍ അംഗീകരിച്ചതാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇത് അനിവാര്യമാണ്. വൈഡ് റിലീസിങിനെതിരായ നിലപാടുകളെ പ്രോത്സാഹിപ്പിക്കാനാവില്ല.
എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള മുഴുവന്‍ തീയേറ്ററുകളിലും സിനിമാ റിലീസിങ് അനുവദിക്കണം. സിനിമാ മേഖലകളിലുള്ളവരെ അകാരണമായി പീഡിപ്പിക്കുന്ന സംഘടനകള്‍ ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ, ബോംബെ ഫിലിംസിറ്റി മാതൃകയില്‍ വികസിപ്പിക്കും. സംവിധായകന് ഐ.വി. ശശിയുടെ നേതൃത്വത്തിലുള്ള സമിതി നിര്‍ദ്ദേശിച്ച ശുപാര്‍ശകളാണ് നടപ്പാക്കുന്നത്.
നിലവില്‍ 75 ഏക്കര്‍ ഭൂമിയില്‍ 25 ഏക്കര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് മറ്റിടങ്ങളെ ആശ്രയിക്കാതെ സിനിമ പൂര്‍ണമായും ഇവിടെ നിര്മ്മിക്കാനാവുമെന്നതാണ് പ്രത്യേകത. മുഖ്യധാരാ ചിത്രങ്ങളൊന്നും ഇവിടെ നിര്‍മ്മിക്കുന്നില്ല. നിലവില്‍ പൂര്‍ത്തീകരിച്ച വികസന പദ്ധതികളുടെ ഉദ്ഘാടനവും മൂന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ തുടക്കവും ഡിസംബര്‍ 15ന് നടക്കും. കെഎസ്എഫ്ഡിസിക്ക് 12 തിയേറ്ററാണ് നിലവിലുള്ളത്.
ആലപ്പുഴയിലെ കൈരളി, ശ്രീ, തിയേറ്ററുകള്‍ 30ന് ഉദ്ഘാടനം ചെയ്യുന്നതോടെ ഇത് 14 തിയേറ്ററുകളാകും. ഒറ്റപ്പാലത്തും ഹരിപ്പാട്ടും രണ്ടു തീയേറ്ററുകള്‍ കൂടി ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഡിസി അംഗം ഐ.വി. ശശി, എംഡി ദീപാ ഡി. നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: