കോട്ടയം: പാലാ ലിസ്യു കര്‍മ്മലീത്ത കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ പ്രതി സതീഷ് ബാബു പ്രത്യേക മാനസിക വൈകൃതത്തിന് അടിമയാണെന്ന് പോലീസ്.
പ്രതിയെ ചോദ്യം ചെയ്ത ശേഷം എഡിജിപി പത്മകുമാര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സെപ്തംബര്‍ 17 നാണ് കോണ്‍വെന്റില്‍ ഒരു കന്യാസ്ത്രീ കൊലപ്പെട്ടതായി അറിയുന്നത്.
അറുപത് വയസ്സിനുമേല്‍ പ്രായം ചെന്ന കന്യാസ്ത്രീകളെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുന്നതില്‍ പ്രത്യേക ആനന്ദം കണ്ടെത്തുന്ന ആളാണ് പ്രതി. സമാന രീതിയിലുള്ള മറ്റ് അക്രമങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. സ്ഥിരമായി മേല്‍വിലാസമോ താമസസ്ഥലമോ ഇല്ല. കള്ള് ഷാപ്പുകളിലും മറ്റുമാണ് പ്രതി കൂടുതലായും താമസിച്ചിരുന്നത്.
സ്ഥിരമായ സുഹൃത്തുക്കളോ ജോലിയോ ഇയാള്‍ക്കില്ല. മൂന്ന് വര്‍ഷമായി പാലാ, ഈരാറ്റ്‌പേട്ട, മുണ്ടക്കയം പ്രദേശങ്ങളില്‍ തങ്ങുന്ന ഇയാള്‍ കാസര്‍ഗോഡ് സ്വദേശിയാണ്. ഇയാളുടെ അച്ഛനും അമ്മയും മുണ്ടക്കയം സ്വദേശികളാണ്. ചെറുപ്പത്തില്‍ സ്‌കൂള്‍ അദ്ധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് ഇയാള്‍ മുണ്ടക്കയത്ത് താമസിച്ചിട്ടുണ്ട്.
2008ല്‍ ഭാര്യയുടെ തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഏഴ് മാസം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. താമസിക്കുന്ന സ്ഥലങ്ങളിലെ കന്യാസ്ത്രീ മഠങ്ങള്‍ എവിടെയാണെന്ന് മനസ്സിലാക്കി അവിടെ കയറി അക്രമം നടത്തുകയാണ് പ്രതി ചെയ്യുന്നത്. കൃത്യനിര്‍വ്വഹണത്തിന് ശേഷം തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ രക്ഷപെടാറാണ് പതിവ്. ഇതേ കന്യാസ്ത്രീ മഠത്തില്‍ തന്നെ സംഭവം നടക്കുന്നതിന് നാല് ദിവസം മുമ്പ് സമാനമായ ആക്രമണം മറ്റൊരു കന്യാസ്ത്രീക്ക് നേരെ നടന്നിരുന്നു. എന്നാല്‍ ഇത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.
കൂത്താട്ടുകുളം, ഭരണങ്ങാനം, പൈക എന്നിവിടങ്ങളിലെ മഠങ്ങളിലും ഇയാള്‍ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം ഒരേ സ്വഭാവത്തിലുള്ള അക്രമണമാണ് നടന്നിട്ടുള്ളത്. ഈ കേസുകളില്‍ ഭരണങ്ങാനത്ത് നിന്ന് മാത്രമാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി പരാതി ഉണ്ടായത്.
സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ ശേഷം പോലീസ് അന്വേഷണം ആരംഭിക്കുമ്പോള്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കൊപ്പം ഇയാളും ഉണ്ടായിരുന്നതായി എഡിജിപി പറഞ്ഞു. അതിന് ശേഷം തിരുവല്ലയില്‍ എത്തി രാത്രിയില്‍ റെയില്‍വേ സ്റ്റേഷനില്‍ തങ്ങിയ ശേഷം പിറ്റേ ദിവസം ചെന്നൈക്ക് കള്ളവണ്ടി കയറുകയായിരുന്നു. അവിടെ നിന്ന് ദല്‍ഹിക്കും തുടര്‍ന്ന് ഹരിദ്വാറില്‍ അയ്യപ്പ ക്ഷേത്രത്തിലും എത്തുകയായിരുന്നു. ഈ സമയം അന്വേഷണ സംഘം പ്രതിയുടെ ഫോട്ടോ പുറത്തു വിട്ടിരുന്നു. മാധ്യമങ്ങളില്‍ പ്രതിയുടെ ഫോട്ടോ കണ്ടിരുന്ന ക്ഷേത്രമേല്‍ശാന്തിയുടെ തന്ത്രപരമായ ഇടപെടലാണ് പ്രതിയ കുടുക്കുവാന്‍ പോലീസിനെ ഏറെ സഹായിച്ചത്.
കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുന്ന പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും കൂടുതല്‍ ചോദ്യം ചെയ്യലും നടത്തും. അതിന് ശേഷം മാത്രമേ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ടോ എന്നും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളെ സംബന്ധിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും എഡിജിപി പത്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: