ശ്രീരാമനില്‍ നിന്നു വേര്‍പിരിഞ്ഞ അന്നു സായങ്കാലത്ത് സുമന്ത്രര്‍ അയോദ്ധ്യയില്‍ മടങ്ങിയെത്തി. വസ്ത്രം കൊണ്ട് കണ്ണീര്‍ തുടച്ച് ദശരഥന്റെ അടുത്തെത്തി നമസ്‌കരിച്ചു. ഉടനെ വിങ്ങിപ്പൊട്ടിക്കൊണ്ട് രാമനും സീതയും ലക്ഷ്മണനുമൊക്കെ എവിടെയെന്നു ചോദിച്ചു. അതുവരെ നടന്നതൊക്കെ വിവരിച്ചു. ഗുഹന്‍ തോണി കടത്തുമ്പോള്‍ ദൂരെ മറവോളം താന്‍ നോക്കിനിന്നു. പിന്നെ മടങ്ങിപ്പോന്നു. പിരിയാന്‍ നേരത്ത് രാമചന്ദ്രന്‍ പറഞ്ഞതിങ്ങനെയാണ്. സുമന്ത്ര, ഞങ്ങളെയോര്‍ത്ത് ദുഃഖിക്കരുതെന്ന് മഹാരാജാവിനോടു പറയണം.
വനത്തില്‍ ഞങ്ങള്‍ക്ക് അയോദ്ധ്യയിലുള്ളതിനെക്കാള്‍ സുഖം ലഭിക്കും. അമ്മയോടും നമസ്‌കാരം പറയണം. വൃദ്ധനും ശോകാകുലനുമായ മഹാരാജാവിന് വേണ്ട ധൈര്യം നല്‍കണം. പിന്നീട് സീത ഗദ്ഗദകണ്ഠനായി രണ്ടു ശ്വശ്രുക്കളോടും എന്റെ സാഷ്ടാംഗപ്രണാമം അറിയിക്കണം എന്നുപറഞ്ഞു. പിന്നെ അവര്‍ തോണിയില്‍ കയറി അക്കരെപ്പോയി. ഇങ്ങനെ പറഞ്ഞിട്ട് സുമന്ത്രര്‍ വിടവാങ്ങി.
















