ദീര്‍ഘനിദ്രാവരമിന്ദ്രനേകി, നിദ്ര
ഭംഗപ്പെടുത്തിയാല്‍ ഭസ്മമാകും
വരബലം നേടിയ രാജനാര്? വെന്തു
ഭസ്മമായ്‌ത്തീര്‍ന്നതുമേതുരാജന്‍
ഉത്തരം: വരം നേടിയത്-മുചുകുന്ദന്‍
ഭസ്മമായ്‌ത്തീര്‍ന്നതു-യവനന്‍.
കഥ:-
ഇക്ഷ്വാകുവംശത്തിലെ മാന്ധാതാവിന്റേയും ബിന്ദുമതിയുടെയും പുത്രനായ മുചുകുന്ദന്‍ ഒരിക്കല്‍ ഇന്ദ്രന്റെ ക്ഷണമനുസരിച്ച് ദേവലോകത്തെത്തി. ദേവാസുര യുദ്ധത്തില്‍ അസുരന്മാരെ പരാജയപ്പെടുത്താന്‍ ഇന്ദ്രനെ സഹായിച്ചു.
സംപ്രീതനായ ഇന്ദ്രന്‍ എന്തുവരം വേണമെന്ന് മുചുകുന്ദനോടാരാഞ്ഞു. ഉറങ്ങിയിട്ട് ഏറെ നാളുകളായതിനാല്‍ ദീര്‍ഘനിദ്രാവരം തന്നാല്‍ മതിയെന്ന് അറിയിച്ചു. ദീര്‍ഘനിദ്രയും നിദ്രക്ക് ഭംഗം വരുത്തുന്നയാള്‍ ഭസ്മമായി പോകുമെന്നുള്ള വരവും ഇന്ദ്രന്‍ നല്‍കി അനുഗ്രഹിച്ചു. വരം ലഭിച്ച മുചുകുന്ദന്‍ ഘോരവനത്തിലെ ഒരു ഗുഹയില്‍ കയറി നിദ്ര ആരംഭിച്ചു.
ബ്രഹ്മാവിനെ തപസ്സു ചെയ്തു യാദവരെ ജയിക്കുന്നതിനുള്ള വരം നേടിയ യവനന്‍ രാജാവ് ശ്രീകൃഷ്ണനുമായി യുദ്ധം ആരംഭിച്ചു.
ബ്രഹ്മകല്‍പ്പനയാല്‍ വധിക്കാന്‍ കഴിയാത്ത യവനനെ ശ്രീകൃഷ്ണന്‍ ഓടിച്ച് മുചുകുന്ദന്‍ തപസ്സു ചെയ്യുന്ന ഗുഹയിലെത്തിച്ചു.ഗുഹയില്‍ ഗാഢനിദ്രയില്‍ കിടന്ന മുചുകുന്ദനെ യവനന്‍ അറിയാതെ ചവിട്ടി. ഉറക്കത്തില്‍ നിന്നുണര്‍ന്ന മുചുകുന്ദന്‍ ക്രുദ്ധനായി യവനനെ നോക്കി. തത്ക്ഷണം യവനന്‍ ദഹിച്ചു ഭസ്മമായി.
















