ആലപ്പുഴ: കുട്ടനാട്ടില്‍ രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തിലെ അപാകതകള്‍ മൂലം കര്‍ഷകര്‍ കുറഞ്ഞ വിലയ്ക്ക് വിളവ് സ്വകാര്യമില്ലുകള്‍ക്ക് നല്‍കേണ്ട ഗതികേടില്‍. വിളവെടുത്ത നെല്ല്, സര്‍ക്കാര്‍ അനാസ്ഥ മൂലം, പാടത്തു കൂട്ടിയിട്ട് കാവലിരിക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്.
എടത്വ തകഴി കൃഷിഭവന് പരിധിയിലായി നൂറു കണക്കിനു ക്വിന്റല്‍ നെല്ലാണു പാടത്തും പരിസരങ്ങളിലുമായി കൂട്ടിയിട്ടിരിക്കുന്നത്.
കൊല്ലനാടി പാടത്തെ കര്‍ഷകര്‍ക്ക് കൊയ്ത നെല്ലു സിവില്‍ സപ്ലൈസ് അധികൃതര്‍ക്കു കൈമാറാന്‍ കഴിയാതെ വന്നതോടെ കിട്ടിയ വിലയ്ക്കു സ്വകാര്യ മില്ലുടമയ്ക്ക് നല്‍കേണ്ടി വന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ക്വിന്റല്‍ നെല്ലിനു 2150 രൂപ ലഭിക്കേണ്ട സ്ഥാനത്ത് വളരെ കുറഞ്ഞ വിലയ്ക്കാണ് സ്വകാര്യ മില്ലുകാര്‍ക്ക് വിറ്റത്. തുടര്‍ച്ചയായ മഴ, നെല്ല് കിളിര്‍ക്കാന്‍ ഇടയാക്കും. അതിനാലാണ് കിട്ടിയ വിലയ്ക്ക് കര്‍ഷകര്‍ നെല്ല് വില്ക്കാന് നിര്‍ബന്ധിതരാകുന്നത്. നെല്ല് സംഭരണം അട്ടിമറിച്ചത് സിവില്‍ സപ്ലൈസ് അധികൃതരാണെന്നാണ് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നത്.
ഒക്ടോബര്‍ ഒന്നു മുതലേ പാഡി രസീത് എഴുതൂ എന്ന നിലപാടിലാണ് സപ്ളൈകോ അധികൃതര്‍. എന്നാല്‍ ഒന്നാം തീയതി പോലും നെല്ലെടുപ്പ് ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. പാഡി രസീത് ഒരാഴ്ച കഴിഞ്ഞു ലഭിച്ചാലും നെല്ലു സംഭരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണു കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
സംഭരണത്തിന് ഇതുവരെ മില്ലുടമകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞ സീസണുകളില്‍ കൊയ്ത്തിന് ആഴ്ചകള്‍ മുന്‍പു തന്നെ മില്ലുകള്‍ രജിസ്ട്രേഷന് നടപടി പൂര്‍ത്തീകരിച്ചിരുന്നു. കൂടാതെ വിളവെടുപ്പ് ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ്. സംഭരണത്തിന് ഒരു മില്ലിനെ പോലും ഇതുവരെ അലോട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇന്ന് കൂടുതല്‍ പാടങ്ങളില്‍ കൊയ്ത്ത് ആരംഭിക്കുന്നതോടെ കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ദയനീയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: