കല്‍പ്പറ്റ:സംസ്ഥാനത്ത് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ചെറുകാട്ടൂരില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി കൈയ്യേറിയിട്ടുള്ളത് ഹാരിസണ്‍, എ.വി.റ്റി, റ്റാറ്റാ, തുടങ്ങിയ വന്‍ കമ്പനികള്‍ ആണെങ്കില്‍ പോലും കേരളത്തിന് അവകാശപ്പെട്ട ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിക്കും. ആദ്യഘട്ടമെന്നനിലയില്‍ ലാന്റ് കണ്‍സര്‍വെന്‍സി ആക്ട് പ്രകാരം ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള 33,000 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി ഈ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചത്. ഭൂരഹിതരായ കേരളത്തിലെ പാവപ്പെട്ടവരുടെ കണ്ണീരു കാണാന്‍ ഹൈക്കോടതിക്കാവുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. അതേസമയം പാവപ്പെട്ട കര്‍ഷകര്‍ പണം നല്കി വാങ്ങിയ ഭൂമിയുടെ നികുതി സ്വീകരിക്കുനില്ലെന്നപരാതി കഴിഞ്ഞ മന്ത്രി സഭാ യോഗം പരിഗണിക്കുകയും നികുതി സ്വീകരിക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1,40,473 പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്.
സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും രണ്ട് ലക്ഷം പേര്‍ക്ക് പട്ടയം നല്‍കും. പുറമ്പോക്കില്‍ താമസിക്കുന്ന പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ അദാലത്തില്‍ 4,730.00 പരാതികള്‍ പരിഹരിച്ചതായും റവന്യൂ അദാലത്ത് ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയതായും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് തുടങ്ങിയത് മുതല്‍ സെപ്തംബര്‍ 25 വരെ റവന്യൂ വകുപ്പ് 1,60,6400 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഏല്ലാ വില്ലേജ് ഓഫീസുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. കൂടൂതല്‍ സ്മാര്‍ട്ട് വില്ലേജുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിലുണ്ട്. സ്മാര്‍ട്ട് വില്ലേജിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച ജില്ലാ നിര്‍മ്മിതി കേന്ദ്രയെ മന്ത്രി അഭിനന്ദിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി കാര്യക്ഷമമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ജില്ലയാണ് രാജ്യത്തെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ല. ഭൂമിക്കായി അപേക്ഷ നല്കിയ 11,107 പേര്‍ക്ക് ഭൂമി നല്കി. രണ്ടാമത്തെ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപ്പിക്കപ്പെട്ട കാസര്‍ഗോഡ്10,470 അപേക്ഷകര്‍ക്കും മൂന്നാമത്തെ ജില്ലയായഇടുക്കിയില് 9,570 പേര്‍ക്കും ഭൂമി നല്കി. പദ്ധതിക്കായി മൂന്ന് സെന്റ് മുതല്‍ 10 ഏക്കര്‍ ഭൂമി വരെ സൗജന്യമായി നല്കിയ വ്യക്തികളുമുണ്ട്. ഇതുപോലുള്ള ഉദാരമനസ്കരുടെ സഹായത്തോടെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും.യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി അദ്ധ്യക്ഷയായി. ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.മേഹനന്, സബ് കളക്ടര്‍ ശീറാം സാംബ ശിവ റാവു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വത്സാ ചാക്കോ, എം.ജി.ബിജു, ജില്ലാ പഞ്ചായത്തംഗം കെ.എല്‍. പൗലോസ്, എ.ഡി.എം പി.വി. ഗംഗാധരന്, സെലിന് മാനുവല്‍, കാട്ടില്‍ ഉസ്മാന്, പി.കെ അസ്മത്ത്, സിനോ പാറക്കാലായില്‍, മാനന്തവാടി തഹസില്‍ദാര്‍ സോമനാഥന്, വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: