കല്‍പ്പറ്റ : ജില്ലയില്‍ ബഹുനില കെട്ടിടനിര്‍മാണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദൂരന്ത നിവാരണ അതോറിറ്റി ചെയര്മാന് എന്ന നിലയില്‍ ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ പുറപ്പെടുവിച്ച ഉത്തരവ് 2009ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശപ്രകാരമുള്ള ഭൂവിനിയോഗ നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യണമെന്ന് വിവിധ പരിസ്ഥിതി സംഘടനകളുടെ ഭാരവാഹികള്‍ സംയുക്ത പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ 750 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുളള വീടുകള്‍ ഉള്‍പ്പെടെ നിര്‍മിതികള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം ദുരന്ത നിവാരണ അതോറിറ്റിയില്‍ നിക്ഷിപ്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കെട്ടിട നിര്‍മാണങ്ങള്‍ നിയന്ത്രിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് പുറപ്പെടുവിച്ച ഉത്തരവ് പൊതുവെ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ജില്ലയെ പരിസ്ഥിതി നാശത്തില്‍നിന്നു രക്ഷിക്കാന്‍ ഉത്തരവ് ഉതകുമോ എന്നതില്‍ സംശയമുണ്ട്. കെട്ടിടങ്ങളുടെ ഉയരം പരിമിതപ്പെടുത്തുന്ന ഉത്തരവില്‍ വിസ്തീര്ണത്തെക്കുറിച്ച് പറയുന്നില്ല. കുന്നുകള്‍ ഇടിച്ചും ചതുപ്പുകള്‍ നികത്തിയും പുഴകള്‍, തോടുകള്‍, നീര്‍ച്ചാലുകള്‍ എന്നിവയെ ഹനിച്ചുമുള്ള നിര്‍മാണങ്ങള്‍ ഉത്തരവില്‍ നിരോധിക്കുന്നില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലും കുന്നിന്തലപ്പുകളിലും തണ്ണീര്‍ത്തടങ്ങളുടെയും വനത്തിന്റെയും ഓരത്തും മുളച്ചുപൊന്തുന്ന റിസോര്‍ട്ടുകളെയും ഉത്തവ് വെറുതെ വിടുകയാണ്. ജില്ലാ കലക്ടറുടെ ഉത്തരവ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ മറയാക്കി അട്ടിമറിക്കാനുള്ള ശ്രമവും തുടരുകയാണ്. വിദഗ്ധ സമിതി ദുരന്തസാധ്യത എറെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളായി കണ്ടെത്തിയ വൈത്തിരി, മേപ്പാടി, വെള്ളമുണ്ട, പടിഞ്ഞാറെത്തറ, തരിയോട്, തിരുനെല്ലി എന്നിവിടങ്ങളിലെ മലഞ്ചെരിവുകളിലും അവയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും നിര്‍മാണങ്ങള്‍ അനുവദിക്കരുത്. ബത്തേരി, കല്പറ്റ, മാനന്തവാടി പട്ടണങ്ങളില്‍ തോടുകളും നീര്‍ച്ചാലുകളും തടസ്സപ്പെടുത്തി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിടണം.
ജില്ലയിലെ മുഴുവന്‍ തോടുകളും പുഴകളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും സര്‍വേ റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ അളന്നുതിരിച്ച് വീണ്ടെടുക്കാനാവശ്യമായ ഉത്തരവ് ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കണം-പരിസ്ഥിതി സംഘടനാ നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ എ ന്.ബാദുഷ, തോമസ് അമ്പലവയല്‍ (വയനാട് പ്രകൃതി സംരക്ഷണസമിതി), സി.എസ്.ധര്‍മരാജ്(ഔര്‍ഓണ്‍ നേച്ചര്‍), വര്‍ഗീസ് വട്ടേക്കാട്ടില്‍ (പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി), അബു പൂക്കോട് (ഗ്രീന്‍ ക്രോസ്), സണ്ണി പടിഞ്ഞാറെത്തറ (ബാണാസുര പ്രകൃതി സംരക്ഷണ സമിതി), പി.എ.റഷീദ്(റീച്ച്), പി.ടി.പ്രേമാനന്ദ്, ഇ.ജെ.ദേവസ്യ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: