ഒട്ടേറെ ശാസ്ത്രങ്ങളാണ് നമുക്കുചുറ്റം നിലനില്‍ക്കുന്നത്. പൗരാണിക കാലത്തുണ്ടായിരുന്ന അനുഷ്ഠാന കലകളും ശാസ്ത്രങ്ങളും പിന്‍തലമുറയിലേക്ക് പകര്‍ന്നു നല്കുവാന് പറ്റാതെ നാശോന്മുഖമായിട്ടുണ്ട്. അത്തരത്തില്‍ മുഖംനോക്കി ലക്ഷണം പറയുന്നപോലെ കൈയക്ഷരം നോക്കി ആളുടെ സ്വഭാവ ലക്ഷണം പറയുന്ന വിദ്യയെ വിപുലീകരിക്കുകയാണ് ഉണ്ണികൃഷ്ണ മേനോന്.
അറുനൂറുവര്‍ഷം പഴക്കമുള്ളതായി പറയപ്പെടുന്ന ഈ വിദ്യയെ വായിച്ചറിഞ്ഞാണ് മേനോന് മനസ്സിലാക്കിയത്. ഡിഫന്‍സില്‍ ഓഡിറ്ററായി സേവനമനുഷ്ഠിച്ചശേഷം പലമേഖലകളിലും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ തപാല്‍വഴി സ്വകാര്യ യൂണിവേഴ്സിറ്റിയുടെ ഹാന്‍ഡ്റൈറ്റിംഗ് കോഴ്സ് പഠിക്കുകയായിരുന്നു. പിന്നെ പരിചയക്കാരില്‍ പലകുറി പരീക്ഷണങ്ങള്‍ നടത്തി. റോമന്‍ ലെറ്ററില്‍ നിന്നാണ് ഇതിന്റെ തുടക്കം. കുറ്റവാളിയെപ്പോലും കണ്ടുപിടിക്കുന്ന വിദ്യ ഇതിന്റെതന്നെ ഒരുഭാഗമാണ്.
ഇംഗ്ലീഷിലെ ഐ, ടി എന്നീ അക്ഷരം വഴിയാണ് പ്രധാനമായും സ്വഭാവത്തെപ്പറ്റി മനസ്സിലാക്കാന്‍ പറ്റുക. സ്വഭാവത്തെ മാറ്റിയെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ എഴുതുന്നതില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് മേനോന്റെ അഭിപ്രായം. പഠനത്തിനുശേഷം തന്റെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്നാണ് ആദ്ദേഹം പറയുന്നത്. ഏതാനും ആഴ്ചകളുടെ പരിശ്രമമുണ്ടെങ്കില്‍ ഇത് മാറ്റിയെടുക്കാം. ഇതുമായി ബന്ധപ്പെട്ട് 15 വര്‍ഷത്തോളമായി മേനോന് സ്കൂളുകളിലും മറ്റും പരിശീലനം നല്‍കിവരുന്നുണ്ട്. കേരളത്തില്‍ ഇതിനൊന്നും ആര്‍ക്കും വലിയ താല്‍പ്പര്യമില്ല എന്നതാണ് സത്യം. തമിഴ്നാട്ടില്‍ താമസിക്കുന്ന കാലത്ത് പത്ത് സ്കൂളുകള്‍ക്ക് എഴുതി. എട്ടിടത്തുനിന്നും മറുപടി വന്നു. പോയി കഌസെടുത്തു. അവരുടെ സൗകര്യത്തിനനുസരിച്ചാണ് കഌസുകള്‍. എന്നാല്‍ സ്കൂളില്‍നിന്നും വന്ന കത്ത് വായിച്ച് അന്തംവിട്ടിരുന്നുപോയി.
ക്ലാസെടുക്കാന്‍ ചെല്ലാന്‍ പറഞ്ഞസമയം സന്ധ്യക്ക് ആറര. വണ്ടി ഏര്‍പ്പാടാക്കിയിരുന്നു സ്കൂള്‍ അധികൃതര്‍. അവിടെ 25-40 വയസ്സിനടുത്ത് പ്രായമുള്ള നാല്പത് അധ്യാപകര്‍ ക്ലാസിനുണ്ടായിരുന്നു.താല്പര്യക്കാരായതിന്നാല് അന്ന് പതിവിനു വിപരീതമായി രണ്ടരമണിക്കൂര്‍ നേരം ക്ലാസെടുത്തു. നല്ല സജീവമായ ക്ലാസായിരുന്നു. പ്രധാനാധ്യാപകനോട് ആറരയ്ക്ക് ക്ലാസുവച്ചതിനെ പറ്റിചോദിച്ചപ്പോള്‍ പറഞ്ഞത് രസാവഹമായിരുന്നു. ക്ലാസ് സമയത്തായാല്‍ എല്ലാവരും അവശതയിലാവും. തന്നെയുമല്ല അവര്‍ക്ക് അതിലൊന്നും ശ്രദ്ധയുംകാണില്ല. ക്ലാസുകഴിഞ്ഞ് ഉടനെയായാല്‍ വീട്ടിലെ കാര്യങ്ങളെക്കുറിച്ചാവും ചിന്തകള്‍. അതിനാല്‍ വീട്ടില്‍ പോയി അത്യാവശ്യം വീട്ടുകാര്യങ്ങള്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് വയ്ക്കുകയായിരുന്നു. അതിനാല്‍ നല്ല വിജയവും കണ്ടു.
ഇംഗ്ലീഷ് ലിപി കൂട്ടിഎഴുതുകയായിരുന്നു മുന്‍കാല പതിവ്. ഇപ്പോള്‍ അതല്ലനടപ്പ്. വിട്ട് വിട്ട് എഴുതുകയാണ്. അവരെല്ലാം സ്വാര്ത്ഥന്മാരാവും എന്നതില്‍ സംശയമില്ല. ഒരാളുടെ ഒപ്പുനോക്കിയാല് തന്നെ ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ടാവും. പേരെഴുതി ഒപ്പിടുകയാണ് മുമ്പത്തെ രീതി. ഇപ്പോല്‍ അങ്ങനെയല്ല. ഇംഗ്ലീഷ് വശമല്ലാത്തവര് പോലും ഒപ്പിടുന്നത് ഇംഗ്ലീഷിലാണ്. ഒപ്പ് ആര്‍ക്കും അനുകരിക്കാന്‍ പറ്റരുതെന്നുകരുതി വല്ലാത്തവിധത്തിലാണ് പലരും വരച്ചുകൂട്ടുന്നത്. ഒരുതരം വക്രത അയാളില്‍ കുടി കൊള്ളുന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളി മലയാളത്തില്‍ ഒപ്പിട്ടാല്‍ എന്താണ് തെറ്റ്. അതൊന്നും തെറ്റായകാര്യങ്ങളൊന്നുമല്ല. ഇപ്പോള്‍ ഇരുപത്തി അഞ്ച് വര്‍ഷമായി തമ്മനത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണ മേനോന് ഷൊര്‍ണൂരിനടുത്ത കവളപ്പാറ സ്വദേശിയാണ്. ശ്രദ്ധാപൂര്‍വ്വം എഴുത്തിനെ സമീപിച്ചപ്പോള്‍ സ്വഭാവത്തില്‍ തന്നെ നല്ല മാറ്റം വന്നു. പൊതുവെ അന്തര്‍മുഖനായ താനിന്ന് അപരിചിതരോടുപോലും കൂസലെന്യേ സംസാരിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. അതിനാല്‍ ഒരാള്‍ക്കും സ്ഥായിയായ സ്വഭാവമുണ്ട് എന്നുപറയുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ലെന്നാണ് മേനോന് തന്റെ അനുഭവത്തിലൂടെ പറയുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: